നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് കേരള സർക്കാർ എൻഒസി നൽകിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻഒസി സംഭന്ധിച്ച വിഷയം തനിക്ക് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. കേസ് പിൻവലിക്കുക എന്നത് ആഭ്യന്തര വകുപ്പിന്റ അഭിപ്രായമാണ്. വിഷയത്തിൽ നിയമ വകുപ്പിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. തുടർന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. എൻഒസി വിഷയത്തിൽ ആഭ്യന്തര വകുപ്പിലെ ബന്ധപ്പെട്ടവരിൽ നിന്നും അദ്ദേഹം വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സർക്കാർ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എൻഒസിയുടെ പകർപ്പ് വിവിധ വകുപ്പുകൾക്ക് അയച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ വനം വകുപ്പ് ആസ്ഥാനത്ത് കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കേസിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടുകയും ചെയ്തിരുന്നു.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സർക്കാരിന് അപേക്ഷ നൽകിയിരുന്നു. 2019 ഡിസംബർ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സർക്കാർ തേടി. കേസ് പിൻവലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നൽകിയത്. ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കുന്നതിന് സർക്കാരിന് എതിർപ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് ഈ മാസം ഏഴിന് അഡീഷണൽ ചീഫ് സെക്രട്ടറി കത്തയച്ചത്.
2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവർത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്.