സോഷ്യൽ മീഡിയയും ആരാധകരും തന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ പിറന്നാൾ ദിനത്തിൽ രാവിലെ മമ്മൂട്ടി പോയത് പറവൂരിലേക്കാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പറവൂർ ഏഴിക്കരയിലെ ടാർപോളിൻ മറച്ചുണ്ടാക്കിയ ആശ്രിതയുടെ കുടുംബത്തിന്റെ താൽക്കാലിക ഷെഡിലേക്ക് എത്തിയ പ്രിയതാരത്തെ കണ്ട് പറവൂർകാർ ഒന്നു ഞെട്ടി.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ആശ്രിതയുടെ കുടുംബത്തെ കുറിച്ച് വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞ വൈറ്റില സ്വദേശി എ.കെ.സുനിൽ ആണ് ഈ കുടുംബത്തിന് നാലുസെന്റ് ഭൂമി നൽകാൻ തയ്യാറായി ആദ്യം മുന്നോട്ടുവന്നത്. പിറകെ ഈ സ്ഥലത്ത് ഞങ്ങൾ വീടു നിർമ്മിച്ച് നൽകാം എന്ന തീരുമാനവുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷനും രംഗത്തുവരികയായിരുന്നു. മമ്മൂട്ടിയ്ക്കുള്ള പിറന്നാൾ സമ്മാനമായിട്ടായിരുന്നു ഫാൻസ് അസോസിയേഷന്റെ ഈ പ്രവൃത്തി.
ഫാൻസ് അസോസിയേഷന്റെ ഈ കാരുണ്യപ്രവൃത്തിയിൽ പൂർണപിന്തുണ നൽകികൊണ്ടാണ് ഇന്ന് മമ്മൂട്ടി പറവൂരിലെത്തിയത്. നിർമിച്ചു നൽകാൻ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക താരത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ആശ്രിതയ്ക്ക് കൈമാറണം എന്ന ഫാൻസ് അസോസിയേഷന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു ഇത്.
വി.ഡി.സതീശൻ എംഎൽഎക്കൊപ്പമാണ് മമ്മൂട്ടി പറവൂരിലെത്തിയത്. നിർമിച്ചു നൽകാൻ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക മമ്മൂട്ടിയും വി.ഡി. സതീശനും ചേർന്ന് ആശ്രിതയ്ക്കു കൈമാറി. വീടുവയ്ക്കാനുള്ള ഭൂമി നൽകിയ സുനിലും ചടങ്ങിനു സാക്ഷിയായി എത്തി.
“ഇതൊരു ചെറിയ കാര്യമാണ്. ഒരുപാടു വലിയ കാര്യങ്ങൾ നമുക്ക് ബാക്കിയുണ്ട്. നമുക്ക് ഒന്നിച്ചിറങ്ങാം,” എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂക്ക ഇത് മൂന്നാമത്തെ തവണയാണ് പറവൂരിൽ എത്തുന്നതെന്നും പ്രളയം തുടങ്ങിയപ്പോൾ മുതൽ അദ്ദേഹം പറവൂരിലെ പല സ്ഥലങ്ങളും സന്ദർശിച്ചിരുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു. തിരുവോണനാളിലും മമ്മൂട്ടി പറവൂരിലെ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു.