കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിനൊപ്പം കഞ്ചാവ് വലിപ്പിച്ച കേസിൽ യുവാവിനെയും സുഹൃത്തിനേയും പോലീസ് പിടികൂടി.
കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം. 19 കാരനായ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരിക്കാട്ട് ഷാരുഖ് ഖാനും സുഹൃത്ത് വൈപ്പിൻ മണ്ഡപത്തിൽ സ്വദേശി ജിബിനേയുമാണ് തൃപ്പൂണിത്തുറ സിഐ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാക്കനാട് ഭാഗത്തെ പെട്രോൾ പമ്പിൽ ജോലിക്ക് ചെയ്യുകയായിരുന്നു ഇയാൾ. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് 15 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതാകുന്നത്.
തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഷാരുഖ് ഖാന്റെ ഒപ്പമാണ് കുട്ടി പോയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ പെൺകുട്ടി തന്റെ മൊബൈൽ ഫോൺ മറന്നുവച്ചിരുന്നു.
ഇതാണ് കേസിൽ വഴിത്തിരിവായത്. പിറ്റേന്ന് ഓട്ടോയുടെ ഡ്രൈവർ ലഭിച്ച ഫോൺ പോലീസിൽ ഏൽപ്പിച്ചിരുന്നു.
കുട്ടിയുമായി ഇരുവരും പലയിടത്തും കറങ്ങി നടന്നശേഷം മറൈൻഡ്രൈവിലെ വാക്ക് വേയിൽ വച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജിബിൻ പല അടിപിടി കേസുകളിൽ അടക്കം നേരത്തെ പ്രതിയായിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.