കാമുകി സ്‌കൂട്ടര്‍ ഓടിക്കും; യുവാവ് പുറകിലിരിക്കും; വഴി ചോദിക്കാനായി നിര്‍ത്തി മാലപൊട്ടിക്കും; മാവേലിക്കരയില്‍ മാലമോഷ്ടിക്കുന്ന യുവാവും കാമുകിയും പിടിയില്‍

52

മാവേലിക്കര: സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നിരുന്ന യുവാവും കാമുകിയും പിടിയില്‍. മാവേലിക്കര പൊലീസണ് ഇരുവരെയും പിടികൂടിയത്. ഹരിപ്പാട് പിലാപ്പുഴ ബിജുഭവനത്തില്‍ ബിജു വര്‍ഗീസ് (33), എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണുഭവനത്തില്‍ സുനിത (36) എന്നിവരാണ് അറസ്റ്റിലായത്.

Advertisements

സുനിത ഓടിച്ചിരുന്ന സ്‌കൂട്ടര്‍ വഴി ചോദിക്കുവാനെന്ന വ്യാജേന നിറുത്തി ബിജു മാലപൊട്ടിച്ചെടുക്കുകയായിരുന്നു പതിവ്. ബിജുവും സുനിതയും കവര്‍ന്ന ആഭരണങ്ങള്‍ താമരക്കുളത്തെയും കരുനാഗപ്പള്ളിയിലെയും സ്വര്‍ണക്കടകളിലാണ് വിറ്റിരുന്നത്. തൊണ്ടി മുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ജൂലായ് പകുതിയോടെ പുലര്‍ച്ചേ അഞ്ചിന് സുനിതയുമൊത്ത് ബിജു ചെട്ടികുളങ്ങര മാര്‍ക്കറ്റ് ജങ്ഷനില്‍വെച്ച് വയോധികയുടെ മാല പൊട്ടിച്ചെടുത്തു. ഒരാഴ്ചയ്ക്കുശേഷം കടവൂര്‍ ഭാഗത്തുവച്ച് പുലര്‍ച്ചെ അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്രദര്‍ശനത്തിന് വന്ന സ്ത്രീയുടെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. സ്ത്രീ ബിജുവിന്റെ കൈയില്‍ കടിച്ചതോടെ മോഷണശ്രമമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ജൂണ്‍ 18ന് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന് സമീപം കല്ലിമേല്‍ വിഷ്ണുവില്ലയില്‍ ശശികല മുരളിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് കണ്ടെത്തി.

വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമാണ് സുനിത. ബിജു അവിവാഹിതനാണ്. ടിപ്പര്‍ ലോറി ഡ്രൈവറാണ് ബിജു.സോഷ്യല്‍മീഡിയയിലൂടെ ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ബിജു എണ്ണയ്ക്കാട്ടെത്തി സുനിതയോടൊപ്പം താമസമാക്കി. പിന്നീട്, വിവിധയിടങ്ങളില്‍ വാടകവീടെടുത്ത് താമസമാക്കി. അമിത സമ്പാദ്യത്തിനും ആഡംബരജീവിതത്തിനുമായി മാലമോഷണം പതിവാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

മാവേലിക്കര സി.ഐ. പി.ശ്രീകുമാര്‍, എസ്.ഐ. സി.ശ്രീജിത്, സി.പി.ഒ. മാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്‌കര്‍, ഗോപകുമാര്‍, സിനു വര്‍ഗീസ്, ശ്രീജ എസ്., രേണുക എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Advertisement