സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പരിഗണനയില്‍ നടന്‍ മമ്മൂട്ടിയും. വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ട്. വരാനിര്‍ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടന്‍ സുരേഷ് ഗോപിയെ വെച്ച് നയിക്കാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടയിടാനാണ് സിപിഎം മമ്മൂട്ടിയെ ഇറക്കുന്നതെന്നാണ് സൂചന. അതേസമയം, മുന്‍ മന്ത്രി ബിനോയ് വിശ്വമാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി.
സിപിഐഎം സഹയാത്രികനായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം നേതൃത്വവുമായും അടുത്ത ബന്ധമാണുള്ളത്. സിപിഐഎമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്ബനിയായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ്. ഡിവൈഎഫ്‌ഐയുടെയും മറ്റും വേദികളിലെത്തി രാഷ്ട്രീയ ആഭിമുഖ്യം പരസ്യമാക്കിയിട്ടുമുണ്ട്.
അതേസമയം, പാര്‍ലമെന്റില്‍ സിപിഐഎമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മമ്മൂട്ടിയുടെ രാജ്യസഭയിലേക്കുള്ള വഴി അടയും. എന്നാല്‍, മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണു ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ തീരുമാനം. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗമാണ് ബിനോയ് വിശ്വം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ബിനോയ് വിശ്വത്തെയാണു നിര്‍ദേശിച്ചത്.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം വിവാദങ്ങളിലാണ്. കാലാവധി അവസാനിക്കുന്ന പി ജെ കുര്യനെ വീണ്ടും നിയമിക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ തന്നെ യുവനേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്.
കാലാവധി അവസാനിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള ഓരോ അംഗങ്ങളെയാണ് തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.