തലശ്ശേരി: വൈദികര്‍ പ്രതികളാവുന്ന പീഡനക്കേസുകള്‍ അടുത്തിടെ വര്‍ധിച്ച് വരികയാണ്. ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച പീഡന ആരോപണവും കുമ്ബസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ വൈദികര്‍ പീഡിപ്പിച്ച സംഭവവും കേരളത്തെ ഞെട്ടിച്ചതാണ്.
അതിന് മുന്‍പ് ഏറെ കോളിളക്കമുണ്ടാക്കിയതാണ് കൊട്ടിയൂര്‍ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ വിചാരണ ഘട്ടത്തില്‍ പെണ്‍കുട്ടി വൈദികന് അനുകൂലമായി മൊഴി മാറ്റിയിരിക്കുന്നത് കേസില്‍ വന്‍ ട്വിസ്റ്റായിരിക്കുകയാണ്.
കൊട്ടിയൂരിലെ പള്ളിമേടയില്‍ കമ്ബ്യൂട്ടര്‍ പഠനത്തിന് എത്തിയ പതിനാറുകാരിയായ പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി 7ന് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചു. കേസില്‍ ഫെബ്രുവരി 26ന് ആണ് ഫാദര്‍ റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്.
റോബിന്‍ വടക്കുംചേരിക്ക് പുറമേ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍, വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിത് മുന്‍ ചെയര്‍മാന്‍, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വെന്റിലെ അന്തേവാസികള്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരില്‍ ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ഹൈദരലി എന്നിവരെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി.
പീഡനക്കേസില്‍ നിന്നും വൈദികനെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടത്തിയെന്നതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസ് നിലവിലുള്ളത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ വൈദികന്‍ തന്നെ പീഡിപ്പിച്ചതല്ലെന്നും താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നുമാണ് പെണ്‍കുട്ടി മൊഴി മാറ്റിയിരിക്കുന്നത്.
തലശ്ശേരി ജില്ലാ അഡീഷണല്‍ കോടതി ജഡ്ജി മുന്‍പാകെയാണ് വിചാരണയ്ക്കിടെ പെണ്‍കുട്ടി മൊഴി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണയുടെ ആദ്യദിവസം അടച്ചിട്ട കോടതി മുറിയില്‍ പെണ്‍കുട്ടിയെ രഹസ്യ വിചാരണയാണ് നടത്തിയത്. വൈദികനൊത്ത് കുടുംബ ജീവിതം ആഗ്രഹിക്കുന്നതായും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
തന്റെ കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. സര്‍ട്ടിഫിക്കറ്റിലുള്ളത് തന്റെ യഥാര്‍ത്ഥ പ്രായമല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പ്രായം തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്താന്‍ പെണ്‍കുട്ടി വിസമ്മതം അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ഫാദര്‍ റോബിനെതിരെ മൊഴി നല്‍കിയത് ഭീഷണിക്ക് വഴങ്ങിയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതോടെ ഒന്നാം സാക്ഷിയായ പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത് പ്രകാരം ഇരയായ പെണ്‍കുട്ടി കൂറുമാറിയതായി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) പ്രഖ്യാപിച്ചു.
വിചാരണയുടെ ആദ്യ ദിവസം ഫാദര്‍ റോബിന്‍ ഉള്‍പ്പെടെ കേസിലെ പത്ത് പ്രതികളും കോടതിയില്‍ ഹാജരായി. പ്രതികള്‍ക്ക് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖരായ അഭിഭാഷകരാണ് ഹാജരായത്. ഇരയായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. ഇവര്‍ കേസില്‍ സാക്ഷി മൊഴി നല്‍കും.