കോട്ടയം: രണ്ടു കാമുകൻമാർ ഒരു കാമുകിക്കു വേണ്ടി തമ്മിലടിച്ചു. പൊരിഞ്ഞ അടി നടക്കുന്നതിനിടെ കാമുകി അടുത്ത ബസിൽ കയറി രക്ഷപ്പെടുകയും ചെയ്തു. തമ്മിലടിച്ച കാമുകൻമാർ ഇളിഭ്യരായി മടങ്ങുകയും ചെയ്തു.
ഫേസ് ബുക്ക് പ്രണയം അടിപിടിയിൽ പരിസമാപിച്ച സംഭവത്തിനു പിന്നാലെ കോട്ടയത്ത് മറ്റൊരു പ്രണയ കഥയിലെ അടിപിടിക്കും നഗരവാസികൾ സാക്ഷികളാകേണ്ടി വന്നു. യുവതിയുടെ രണ്ടു കാമുകൻമാർ തമ്മിൽ കണ്ടുമുട്ടിയപ്പോഴുണ്ടായ ഏറ്റമുട്ടലിനാണ് കഴിഞ്ഞ ദിവസം തിരുനക്കര സ്റ്റാൻഡ് വേദിയായത്.
പതിനെട്ടുകാരിയാണ് കഥയിലെ നായിക. കാമുകനുമായി ഇവൾ സംസാരിച്ചുകൊണ്ടു നിൽക്കുന്പോഴാണ് യുവതിയുടെ മറ്റൊരു കാമുകൻ ബസിൽ വന്നിറങ്ങിയത്. തന്റെ കാമുകിയുമായി ഒരു യുവാവ് സല്ലപിക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് അയാളും യുവതിയുടെ കാമുകനാണെന്നു കേട്ട് യുവാവ് ഞെട്ടിയത്. അതോടെ യുവാക്കൾ തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തി.
യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയതോടെ സംഗതി പന്തികേടാകുമെന്നു മനസിലാക്കിയ യുവതി തന്ത്രപരമായി സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു. യുവാക്കളുടെ കയ്യാങ്കളി കണ്ടു നിന്നവർ പ്രശ്നം എന്താണെന്നു ചോദിച്ചെങ്കിലും ഇരുവരും മൗനം പാലിച്ചു.
പിന്നെ കണ്ടോളാം എന്നു പറഞ്ഞാണ് യുവാക്കൾ പിരിഞ്ഞത്. പിന്നീട് എന്തായി എന്നു വ്യക്തമല്ല. ഏതായാലും യുവതിക്ക് ഇനി രണ്ടു കാമുകൻമാരുടെ അടുത്തു പോകാനും പറ്റാത്ത അവസ്ഥയിലായി.