കോട്ടയം: വിദ്യാര്‍ത്ഥിനിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍. മണര്‍കാട് അരീപ്പറമ്പ് ചെന്നിക്കര ഹോളോ ബ്രിക്സ് ഫാക്ടറിയുടെ പിന്നിലെ വാഴത്തോട്ടത്തില്‍ കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അരീപ്പറമ്പ് സ്വദേശിനിയായ 14കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മാലം സ്വദേശി അജീഷിനെ അയര്‍ക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണതായിരുന്നതായി ബന്ധുക്കള്‍ അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഇന്നു രാവിലെയാണ് കമ്പനിക്ക് പുറകിലെ വാഴച്ചുവട്ടില്‍ 2 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയും പ്രതിയുമായി മൊബൈല്‍ ഫോണിലൂടെ ബന്ധമുണ്ടായിരുന്നതായാണ് സൂചന.
ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അജീഷിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് പെണ്‍കൂട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുഴിച്ചുമൂടിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്.
ഫാക്ടറിയില്‍ അഞ്ച് മാസമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതി അജീഷ്. ഇയാളുമായി സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.