കുത്താട്ടുകുളം: വിദേശത്തു നിന്ന് ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ യുവതിയെ നേരിട്ടുകാണാൻ പറന്നെത്തിയ യുവാവ് കണ്ടത് രണ്ടു മക്കളുള്ള അമ്മയെ. രാത്രിയിൽ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ഉറങ്ങിപ്പോയി. സെക്യൂരിറ്റിയായ ഭർത്താവ് രാവിലെ എത്തിയപ്പോൾ തന്റെ മുറിയിൽ ഉറങ്ങുന്ന കാമുകനെ കണ്ടെത്തി.
ഭർത്താവ് പിണങ്ങിപ്പോയപ്പോൾ കാമുകൻ വീട്ടുകാരനായി. ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയ കാമുകനെ ബലാത്സംഗ കേസിൽ കുടുക്കി കാമുകി.
സംഭവം തലയോലപ്പറന്പിലാണ്. രണ്ടു പെണ്മക്കളുള്ള ഭർതൃമതിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച ശേഷം കടന്നുകളഞ്ഞുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കബളിപ്പിക്കലിനും ബലാൽസംഗത്തിനുമാണ് തലയോലപറന്പ് പോലീസ് കേസെടുത്തത്.
യുവതിയുടെ പരാതിയിൽ വൈരുധ്യങ്ങളുണ്ടെന്നും പരസ്പര സമ്മതത്തോടെ തലയോലപ്പറന്പിൽ കുറച്ചു കാലം വാടകവീട്ടിൽ താമസിച്ച ബന്ധമാണ് ഉള്ളതെന്നും പോലീസ് പറഞ്ഞു.
ഫേസ് ബുക്കിലൂടെയാണ് ഇവർ പ്രണയത്തിലായത്. 11 ഉം ഒൻപതും വയസുള്ള രണ്ടു പെണ്മക്കളുടെ മാതാവായ കുത്താട്ടുകുളം സ്വദേശിയായ 28 കാരി അവിവാഹിതയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിദേശത്ത് ജോലി ചെയ്തിരുന്ന കൂത്താട്ടുകുളം സ്വദേശിയായ 22 കാരനെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്.
പ്രണയം കലശലായപ്പോൾ യുവതിയെ കാണണമെന്ന ആഗ്രഹത്താൽ യുവാവ് വിദേശത്തു നിന്നു യുവതിയുടെ കുത്താട്ടുകുളത്തെ വീട്ടിൽ രാത്രി എത്തി.
സ്വകാര്യ ആശുപത്രിയിൽ സെക്യുരിറ്റി ജീവനക്കാരനായ യുവതിയുടെ ഭർത്താവ് രാവിലെ എത്തിയപ്പോൾ ക്ഷീണം മൂലം മുറിയിൽ ഉറങ്ങിക്കിടക്കുന്ന യുവാവിനെ കണ്ടു. ഇതോടെ ഭർത്താവ് വിവാഹബന്ധം വേർപെടുത്തി.
പിന്നീട് യുവതിക്കൊപ്പം നിൽക്കേണ്ടി വന്ന യുവാവിന് വിദേശത്തെ ജോലിയും നഷ്ടമായി. വൈക്കത്ത് സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലിക്കു കയറിയ യുവാവ് തലയോലപ്പറന്പിൽ വാടകവീടെടുത്ത് യുവതിയും മക്കളുമായി കഴിഞ്ഞു വരികയായിരുന്നു.
ഇതിനിടയിൽ യുവാവിന്റെ വീട്ടുകാർ യുവാവിനു വിവാഹാലോചന നടത്തുകയും വിവാഹത്തിനു യുവാവ് അനുകൂലമാകുകയും ചെയ്തതോടെയാണ് യുവതി കബളിപ്പിക്കുകയും ബലാൽസംഗം ചെയ്തെന്നും ആരോപിച്ച് കേസുമായി മുന്നോട്ടു വന്നതെന്നാണ് യുവാവിന്റെ വീട്ടുകാർ പറയുന്നത്.
സംഭവം നടന്നത് കുത്താട്ടുകുളം, പിറവം ഭാഗത്തായതിനാൽ കേസ് കുത്താട്ടുകുളം പോലീസിനു കൈമാറുകയാണെന്ന് തലയോലപ്പറന്പ് പോലീസ് അറിയിച്ചു.