കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് റോയിയുടെയും ജോളിയുടെയും ബന്ധുക്കാളായ വിൻസെന്റ്, സുനീഷ് എന്നിവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുനീഷിന്റെ അമ്മ എൽസമ്മ. ജോളി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഭർതൃപിതാവ് ടോം തോമസിന്റെ സഹോദരൻമാരുടെ മക്കളാണ് ഇരുവരും.
ടോം തോമസിന്റെ സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷ് 2008 ജനുവരിയിൽ വാഹനാപകടത്തിലാണ് മരിച്ചത്. റോയിയുടെ ബൈക്ക് അപകടത്തിൽപ്പെട്ടായിരുന്നു സുനീഷ് മരിച്ചത്. താൻ ട്രാപ്പിലാണെന്ന് ഇലക്ട്രീഷ്യനായ ഇയാളുടെ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നു. ടോം തോമസിന്റെ മറ്റൊരു സഹോദരനായ അഗസ്റ്റിന്റെ മകൻ വിൻസന്റ് തൂങ്ങിമരിക്കുകയായിരുന്നു.
2002ലാണ് വിൻസെന്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇവരെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതാണോയെന്നാണ് കുടുംബാംഗങ്ങളുടെ സംശയം. ജനുവരി 15നാണ് സുനീഷിന് അപകടം സംഭവിച്ചത്. രാത്രി 8-9 മണിയോടെ അപകടം സംഭവിച്ചിട്ടും അർധരാത്രി ഒരു മണിയോടെയാണ് തങ്ങളെ അറിയിക്കുന്നത്. 17നാണ് സുനീഷ് മരിക്കുന്നത്. ജോളിയും റോയിയുമായി നല്ല അടുപ്പം ഉണ്ടായിരുന്നയാളാണ് സുനീഷ്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ജോളിയെ സംശയം ഉണ്ട്. സുനീഷും ജോളിയും റോയിയും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോ എന്ന് കൃത്യമായി അറിയില്ല. സുനീഷ് മരിച്ചതോടെ സ്ഥലം വിറ്റ് 10 ലക്ഷം രൂപ പലർക്കായി കൊടുക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും തന്നെക്കൊണ്ട് ചെക്ക് ഒപ്പിടിപ്പിച്ച് കൊണ്ടു പോയിട്ടുണ്ടെന്നും എൽസമ്മ പറഞ്ഞു.
റോയിയുടെ അമ്മ അന്നമ്മ മരിച്ച് ശവസംസ്‌കാരം കഴിഞ്ഞ് തിരികെ എത്തിയപ്പോയാണ് വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതെല്ലാമാണ് സംശയത്തിനിടയാക്കുന്നത്. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സുനീഷിന്റെ അമ്മ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് സംശയം തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു.