ഇവിടെ പട്ടിണിയാണ്, ഭാര്യയും പോയി, ഞാൻ മടങ്ങി വന്നോട്ടെ; ഐഎസിൽ ചേർന്ന മലയാളി

23

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി സിറിയയിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്നതായി അറിയിച്ച് വീട്ടുകാരെ ബന്ധപ്പെട്ടതായി റിപ്പോർട്ട്.

പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കാസറഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാൻ വീട്ടുകാരെ ഫോണിൽ വിളിച്ചെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisements

2016ലാണ് ഐഎസിൽ ചേരാനായി ഫിറോസ് അഫ്ഗാനിസ്ഥാനിലേക്ക് പോയത്. പിന്നീട് ഇയാൾ സിറിയയിലേക്ക് കടന്നു.

കഴിഞ്ഞമാസമാണ് മാതാവ് ഹബീബയെ വിളിച്ച് തനിക്ക് തിരികെവരണമെന്ന് ഫിറോസ് ആഗ്രഹം പ്രകടിപ്പിച്ചത്.

നാട്ടിലെത്തി കീഴടങ്ങിക്കോളാം എന്നാണ് ഫിറോസ് പറഞ്ഞത്. സിറിയയിൽ ഐഎസ് അംഗങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്.

കഴിക്കാൻ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഫിറോസ് പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നാട്ടിലേക്ക് മടങ്ങിയെത്തിയാൽ തനിക്കെതിരെ എന്തൊക്കെ കേസുകളാണ് ഉണ്ടാവുക എന്ന് ഫിറോസ് അന്വേഷിച്ചതായാണ് വിവരം.

ഐഎസ് മുൻകയ്യെടുത്ത് ഒരു മലേഷ്യൻ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവതി പിന്നീട് തന്നെ ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു.

ഫോൺസംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അന്ന് വിളിച്ചതിന് ശേഷം ഫിറോസ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. സിറിയയിൽ ഐഎസ് വൻ തകർച്ചയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഐഎസിന്റെ അധീനതയിലായിരുന്ന പല പ്രദേശങ്ങളും ഇതിനോടകം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു.

Advertisement