വല്ല്യപപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടതാ… എയര്‍ഫോഴ്സ് ഹെലികോപ്റ്ററില്‍ ലിഫ്റ്റ് തന്നതാണെന്നാണ് കരുതിയത്! പ്രളയദുരന്തത്തിനിടയിലും മലയാളിയെ ചിരിപ്പിച്ച ആ ഓഡിയോ ക്ലിപ്പിലെ പയ്യന്‍ പറയുന്നു

16

കൊച്ചി: കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ വലഞ്ഞ് എങ്ങനെയും കര കയറാനുള്ള തത്രപ്പാടിലാണിപ്പോള്‍ കേരളം. ഏതാനും ദിവസങ്ങളായി ദുരന്ത വാര്‍ത്തകള്‍ തന്നെയാണ് കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുറത്തു വരുന്നതും. എന്നാല്‍ ഇതിനിടയിലും ചിരിയുണര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്.

അക്കൂട്ടത്തിലൊന്നാണ് വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ട സംഭവം. വാട്ട്‌സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്.

Advertisements

ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു.

ഹെലികോപ്റ്റര്‍ കണ്ട സന്തോഷത്തില്‍ അവന്‍ അതില്‍ പിടിച്ച് കയറി. അവരവനെ തിരുവനന്തപുരത്ത് ഒരു ദുരിതാശ്വാസകേന്ത്രത്തില്‍ കൊണ്ടിട്ടു. ഇനി ഒരുമാസം കഴിഞ്ഞേ ചെലപ്പോ അവന്‍ വരൂ. അവരവന്റെ പേരും ഒപ്പുമൊക്കെ എഴുതി മേടിച്ചു’.

ഈ ഓഡിയോ ക്ലിപ്പിലെ നായകനെ ഇപ്പോഴിതാ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കം രൂക്ഷമായ ആറാട്ടുപുഴ മേഖലയില്‍ ഒരു സ്ഥലത്ത് ഏയര്‍ലിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന വഴി നഗ്‌നപദനായി കൈവീശുന്ന യുവാവിനെ കണ്ടു.

രക്ഷിക്കാനായി കൈവീശിയതാണെന്നു കരുതി ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നു. എയര്‍ലിഫ്റ്റ് ചെയ്തുകഴിഞ്ഞപ്പോള്‍ യുവാവിന്റെ മറുപടി ഇങ്ങനെ, എയര്‍ലിഫ്റ്റ് അനുഭവം ആസ്വദിക്കാനാണ് കൈവീശിയത്, എന്നെ ഇനി വീട്ടിലേക്ക് ഡ്രോപ് ചെയ്‌തേക്കാമോയെന്ന്.

എന്നാല്‍ പ്രളയത്തിനിടയിലെ യുവാവിന്റെ അതിമോഹം എയര്‍ഫോഴ്‌സിനെ കുറച്ചൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത്. ഇയാള്‍ കാരണം സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു അമ്മയേയും കുഞ്ഞിനെയും എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സമയമാണ് നഷ്ടമായത്. ഇന്ധനം കുറവായതിനാല്‍ അവരെ അപ്പോള്‍ എയര്‍ലിഫ്റ്റ് ചെയ്യാനാകുമായിരുന്നില്ല.

ഇയാള്‍ കാരണം ഒരുലക്ഷം രൂപയോളം നഷ്ടവും സംഭവിച്ചു. ഹെലികോപ്റ്റല്‍ തനിക്ക് ലിഫ്റ്റ് തന്നതാണെന്നാണ് കരുതിയതെന്ന് യുവാവ് പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ തന്നെ വീട്ടില്‍ എത്തിക്കുമെന്നാണ് ജോബി കരുതിയത്. എന്നാല്‍ നേരെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇയാളെ ഇറക്കിവിട്ടതെന്ന് മാത്രം.

Advertisement