കൊല്ലം: മകളെ കോളേജിലേക്ക് പോകാന്‍ ബസ് കയറ്റി വിട്ട ആ പിതാവ് അറിഞ്ഞില്ല തന്റെ മകളെ അവസാനമായി യാത്രയക്കുകയാണെന്ന്. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി ഇത്രയും കാലം പോറ്റി വളര്‍ത്തിയപ്പോള്‍ ഒരു നിമിഷം തങ്ങളെ ഓര്‍ക്കാതെ അവള്‍ മരണത്തിലേക്ക് നടന്നു കയറിയത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല ഈ മാതാപിതാക്കള്‍ക്ക്.
പ്രണയബന്ധത്തെ എതിര്‍ത്തു എന്നൊരു തെറ്റു മാത്രമേ ചെയ്തുള്ളൂ അല്ലാതെ മറ്റൊരു പ്രശ്നങ്ങളുമില്ലായിരുന്നു. മകളുടെ ഈ വേര്‍പാട് സഹിക്കാനാവാതെ വിങ്ങിപ്പൊട്ടാനല്ലാതെ മറ്റൊന്നിനുമാകുന്നില്ല.
കാമുകനുമായുള്ള ബന്ധം വീട്ടില്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് കരുനാഗപ്പള്ളിയില്‍ പോളിടെക്നിക്ക് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പടനായര്‍ കുളങ്ങര വടക്കെ വിളയില്‍ ശശി-രാജമണി ദമ്ബതികളുടെ മകള്‍ അര്‍ച്ചന(20)യാണ് ഇന്ന് രാവിലെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തത്.
പത്തനംതിട്ടയില്‍ പോളി ടെക്നിക്കിന് പഠിക്കുകയായിരുന്നു അര്‍ച്ചന. ഒരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഈ വിവരം വീട്ടിലറിഞ്ഞതോടെ അച്ഛനുമായി വഴക്കായി. ഈ ബന്ധവുമായി മുന്നോട്ട് പോകാന്‍ സമ്മതിക്കില്ല എന്നറിഞ്ഞതോടെയാണ് അര്‍ച്ചന ഈ കടുംകൈ ചെയ്തത്. രാവിലെ അഞ്ച് മണി കഴിഞ്ഞപ്പോള്‍ പുതിയകാവ് ജംഗ്ഷനില്‍ നിന്നും ശ്രീദേവീ ബസില്‍ പിതാവ് അര്‍ച്ചനയെ കോളേജിലേക്ക് കയറ്റി അയച്ചു. ബസ് ചിറ്റുമൂല റെയില്‍വേ ക്രോസിന് സമീപം എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു.
ബസ് നിര്‍ത്തിയയുടന്‍ അര്‍ച്ചന ബസില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് വഴി നടന്നു പോകുകയായിരുന്നു. ഈ സമയം മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്സ്പ്രസ് കടന്നു വന്നു. ഇതിനു മുന്നിലേക്ക് നടന്നു കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. ട്രെയിന്‍ തട്ടിയതിനെതുടര്‍ന്ന് തെറിച്ച് വീണ് തലയോട്ടി തകര്‍ന്നാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
അതേ സമയം മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ പ്രണയ നൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് അര്‍ച്ചന പറഞ്ഞിട്ടുണ്ട്. അച്ഛനുമായി ഉണ്ടായ വാക്കുതര്‍ക്കത്തെപറ്റിയും പരാമര്‍ശിച്ചിട്ടുണ്ട് എന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസ്.എച്ച.ഒ ബൈ മുഹമ്മദ് ഷാഫി പറഞ്ഞു. കാമുകനുമായി മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.