കരുനാഗപ്പള്ളി: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. കുലശേഖരപുരം, കടത്തൂർ തൈക്കൂട്ടത്തിൽ അബ്ദുൽ സലാ(35) മിനെയാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2016 ജൂലൈ ആറിന് ചെറിയ പെരുന്നാൾ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഗൾഫിലായിരുന്ന അബ്ദുൽ സലാം സംശയത്തിന്റെ പേരിൽ ഭാര്യ സനൂജ (28)യെ കൊലപ്പെടുത്തുകയായിരുന്നുവത്രെ. ചെറിയ പെരുനാൾ ആഘോഷത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. മുഖം ഭിത്തിയിലിടിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
മൃതദേഹം കെട്ടി തൂക്കാനും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സമീപത്തെ കുടുംബ വീട്ടിൽ നിന്നും ബന്ധുക്കളെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് ഒളിവിൽ പോയ അബ്ദുൽ സലിം അടുത്ത വലിയപെരുന്നാൾ ദിനത്തിലാണ് അറസ്റ്റിലാകുന്നത്. അബ്ദുൽ സലിമിനും സനൂജയ്ക്കം അഞ്ചും ഒന്നര വയസുമുള്ള രണ്ടു കുട്ടികളുണ്ട്.
കരുനാഗപ്പള്ളി പോലീസ് അന്വേഷിച്ച കേസ് ജില്ലാ കോടതിയിൽ ട്രയൽ ആരംഭിച്ചതും മറ്റൊരു ചെറിയ പെരുന്നാൾ ദിനത്തിലായിരുന്നു എന്നതും പ്രത്യേകതയായിരുന്നു. അഡീഷണൽ ജില്ലാ കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിധി പറഞ്ഞത്.
ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയായി ഈടാക്കുന്ന തുക കുട്ടികളെ സംരക്ഷിക്കുന്ന സനൂജയുടെ ഉമ്മയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധികം ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ കെ ബി മഹേന്ദ്ര, അനോജിത്ത് എന്നിവർ ഹാജരായി.