നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് പിടിയിലായ തൊളിക്കോട് ജമാഅത്ത് മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി (37) വേഷം മാറി 17 സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതായി പോലീസ്. ഷെഫീഖിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.
ഷെഫീഖിനെയും ഒപ്പം അറസ്റ്റിലായ സഹായി പെരുമ്പാവൂർ സ്വദേശിയും ബന്ധുവുമായ ഫാസിലിനേയും (38) നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ മധുര കളവാസൽ ക്ഷേത്രത്തിനു സമീപത്തെ അർച്ചന ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.
വിശാഖപട്ടണം, ഊട്ടി, കോയന്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇമാമും ഫാസിലും ഒളിവിൽ കഴിഞ്ഞിരുന്നത്. ഇമാമിന്റെ വേഷം ഉപേക്ഷിച്ചു തലമുടിയും താടിയും വെട്ടി ടീ ഷർട്ടും ജീൻസും ധരിച്ച് ആരും ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്.
ഇതിനു സഹായം നൽകിയ ചിലരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. യഥാർഥ പ്രതികളാണെങ്കിൽ ഇവർക്കെതിരേയും നിയമ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്പി അറിയിച്ചു.
ഫെബ്രുവരി രണ്ടിനു സ്കൂൾ വിട്ടിറങ്ങിയ കുട്ടിയെ വിതുര പേപ്പാറ വനപ്രദേശത്ത് ഇന്നോവ കാറിനുള്ളിലിട്ടു പീഡിപ്പിച്ചശേഷം സംഭവം പുറത്തായതോടെ ഇമാം നാടു വിടുകയായിരുന്നു.
സംഭവത്തിനു ശേഷം ഇമാമിനെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായി. പ്രതിയെ പിടികൂടാത്തതിൽ ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഷാഡോ പോലീസ് ഉൾപ്പെടെ പന്ത്രണ്ട് പോലിസ് സംഘം അന്വേഷണം നടത്തുകയായിരുന്നു.
ഇമാമിന്റ സഹായിയും ബന്ധുവുമായ പെരുന്പാവൂർ സ്വദേശി നൗഷാദിന്റെ അറസ്റ്റോടെയാണ് ഇമാമിനെ പിടികൂടാനുള്ള വഴി തുറന്നത്. ഇമാമിന്റെ പുതിയ മൊബൈൽ നന്പർ പിന്തുടർന്നപ്പോൾ ആദ്യം കിട്ടിയ ലൊക്കേഷൻ ഉൗട്ടിയായിരുന്നു.
അവിടെ പോലീസ് എത്തിയപ്പോഴേക്കും ഇമാം കടന്നുകളഞ്ഞു. തുടർന്നു മധുരയിൽ ഉണ്ടെന്നറിഞ്ഞ് എത്തിയ പോലീസിന് ആദ്യം പിടികൂടാൻ കഴിഞ്ഞില്ല. രണ്ടാം തവണ മധുരയിലെത്തിയപ്പോഴാണ് വാടകയ്ക്കെടുത്ത വെള്ള സെലോറിയ കാർ ലോഡ്ജിനു മുന്നിൽ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഷാഡോ പോലീസ് പിടികൂടിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി എസ്പി അശോകൻ പറഞ്ഞു.
ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം മറികടന്ന് സോഷ്യൽ മീഡിയയിൽ മൂന്നുതവണ ഇരയുടെ പേര് വെളിപ്പെടുത്തുന്ന തരത്തിൽ ഓഡിയോ ക്ലിപ് ഇട്ടതിനും ഇമാം ഷെഫീഖ് അൽ ഖാസിമിനെതിരേ കേസെടുത്തിട്ടുണ്ട്.
പ്രതിയെ ഒളിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഫാസിലിനെതിരേ കേസ്. സംഭവുമായി ബന്ധപ്പെട്ട് ഇമാമിനെ ഒളിപ്പിച്ചിരുന്ന സഹോദരി ഭർത്താവ് പെരുന്പാവൂർ സ്വദേശി അൽ അമീൻ, സഹോദരങ്ങൾ എന്നിവരടക്കം മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മധുരയിൽ നിന്ന് ഇമാമിനെയും സഹായി ഫാസിലിനെയും ബുധനാഴ്ച പോലീസ് ജീപ്പിലാണ് നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇന്നലെ രാവിലെ പത്തോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
തുടർന്ന് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. തുടർന്നു നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകിയതായും പോലീസ് പറഞ്ഞു.