പ്രസവിക്കാന്‍ ശ്രമിച്ച എന്റെ ഭാര്യയെ അവര്‍ കൊന്നു, അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നടന്നത് വിവരിച്ച് യുവാവ്

44

അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ പിഴവുമൂലം ഭാര്യമരിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്ത്. അടൂരിലെ സ്വകാര്യ ആശിപത്രിക്ക് എതിരെയാണ് ആരോപണം. പ്രവാസി ശബ്ദമാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

34 വയസായിരുന്നു സബിതയ്ക്ക്, കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തില്‍ മഹേഷിന്റെ ഭാര്യയാണ്. ഒരു കുഞ്ഞ് എന്ന ആഗ്രഹവുമായി ഇരുവരും കേവലം ചില ആഴ്ചകള്‍ക്ക് മുന്‍പാണ് അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയത്‌. ഇനി, ഏതു മെഡിക്കല്‍ ടെര്‍മിനോളോജി ഉപയോഗിച്ചാലും സംഭവിച്ചത് ഇതാണ്- ചികിത്സാപിഴവ് മൂലം സബിതാ മഹേഷ്‌ മരിച്ചു!അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ വച്ചു സബിതയ്ക്ക് ഗര്‍ഭപാത്രത്തില്‍ ഓപറേഷന്‍ ചെയ്തിരുന്നു. എന്നാല്‍ മെഡിക്കല്‍ പിഴവ് കാരണം അവള്‍ക്കു കുടലില്‍ മുറിവുണ്ടായി. അതിലൂടെ ഭക്ഷണവും ശരീരമാലിന്യങ്ങളും കൂടി കലര്‍ന്നു ഇന്‍ഫക്ഷനായി. ബ്രെയിന്‍ ഒഴികെ എല്ലാ ആന്തരികാവയവങ്ങളും തകരാറിലായി. അങ്ങനെയാണ് എനിക്ക് സബിയെ നഷ്ടപ്പെടുന്നത്. ഭര്‍ത്താവ് പറഞ്ഞു.

Advertisements

2011 ഫെബ്രുവരി ഏഴിനായിരുന്നു ഞങ്ങളുടെ വിവാഹം. 7 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടായില്ല. ഒരു കുഞ്ഞ് വേണം എന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിച്ചു. അതൊരു സ്വാര്‍ത്ഥതയായിരുന്നു എന്നു ഇപ്പോള്‍ തോന്നുകയാണ്. എനിക്ക് മലേഷ്യയിലാണ് ജോലി. ഇത്തവണ ഓണത്തിനു നാട്ടില്‍ എത്തിയപ്പോള്‍ അടൂര്‍ ലൈഫ് ലൈനിലും ഒന്നു പോയി നോക്കാം എന്നു ഞങ്ങള്‍ കരുതി. വന്ധ്യതാചികിത്സയ്ക്ക് പ്രശ്തമായ ആശുപത്രിയാണ് അടൂര്‍ ലൈഫ് ലൈന്‍. അവിടെ ഷീബാ നിയാസ് എന്നൊരു ഡോക്ടര്‍ ഉണ്ടെന്നും അവര്‍ ഹെവി ഡോസ് മരുന്ന് എഴുതില്ല എന്നും മറ്റും പലരും പറഞ്ഞു കേട്ടിരുന്നു. സത്യം പറഞ്ഞാല്‍ അവരെ കാണാനാണ് പോയത് .

അവിടെയെത്തി ടോക്കണ്‍ എടുത്തപ്പോഴും ഞങ്ങള്‍ ഷീബാ ഡോക്ടറിന്റെ ഓ.പിയാണ് ചോദിച്ചത്. വന്ധ്യത സംബന്ധമായ ചികിത്സയാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെയാണ് പാപ്പച്ചന്‍ ഡോക്ടര്‍ക്ക് എഴുതയത്. പാപ്പച്ചന്‍ ഡോക്ടര്‍ എത്താന്‍ വൈകിയതോടെ ജെയിംസ്‌ എന്നൊരു ഡോക്ടര്‍ ആദ്യം ഞങ്ങളെ അറ്റന്‍ഡ് ചെയ്തു. അവിടെ ഒരു ലേഡി ഡോക്ടറും ഉണ്ടായിരുന്നു. സ്കാനിങ്ങും മറ്റു ടെസ്റ്റുകളും നടത്തി. ഏകദേശം 15000/- രൂപ അന്നു തന്നെ ഞങ്ങള്‍ക്ക് ചെലവായി.റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു ഞങ്ങള്‍ക്ക് മറ്റു ആരോഗ്യന്യൂനതകള്‍ ഇല്ലെന്നും പക്ഷെ പ്രായം ഇത്രയായത്‌ കൊണ്ടു ഇനി കുട്ടികള്‍ ഉണ്ടാകുന്നതിനു ഐവിഎഫ് ചെയ്യണം എന്ന് അവര്‍ പറഞ്ഞു. അതിനു താല്പര്യമില്ല എന്നും ഞങ്ങള്‍ അറിയിച്ചു. അതു വേണമെങ്കില്‍ ഞങ്ങള്‍ക്ക് മുന്നേയും ചെയ്യാമായിരുന്നല്ലോ!

സബിക്ക് വലത്തെ ട്യൂബില്‍ ഒരു സിസ്റ്റ് കാണുന്നുണ്ട് അതിനു ലാപ്രോസ്കോപ്പി വേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. സിസ്റ്റ് മാറ്റുന്നതോടെ ഒരു പക്ഷെ സാധാരണ ഗര്‍ഭധാരണം നടക്കും എന്നും അവര്‍ അറിയിച്ചു. ഞങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കാന്‍ ഈ വാക്കുകള്‍ പോലും ധാരാളമായിരുന്നല്ലോ. ലാപ്രോസ്കോപ്പി ചെയ്യാന്‍ സബി തയ്യാറായി. അതിനു മുന്‍പേ പാപ്പച്ചന്‍ ഡോക്ടറിനെ കൂടി കാണണം എന്ന് അവര്‍ ആവശ്യപ്പെട്ടതനുസരിച്ചു അടുത്ത ദിവസം ഞങ്ങള്‍ പോയി കണ്ടു. അദ്ദേഹത്തിനും പുതുതായി ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല.

നല്ല ചുറുചുറുക്കുള്ള പെണ്കുട്ടിയായിരുന്നു അവള്‍. ലാപ്രോസ്കോപ്പി ചെയ്യാന്‍ ലഭിച്ച ഡേറ്റില്‍ അതിവെളുപ്പിനെ എനെമയും മറ്റും നല്‍കി സബിയെ തീയേറ്ററില്‍ കയറ്റിയെങ്കിലും ഏറ്റവും ഒടുവിലായിട്ടാണ് അവളുടെ സര്‍ജറി നടന്നത്. രാവിലെ മുതല്‍ ഞങ്ങള്‍ അതിന്റെ വാതിലില്‍ നില്‍പ്പാണ്. മറ്റു ചില എമര്‍ജെന്‍സി കേസുകള്‍ വന്നതു കൊണ്ടാണ് ഇതെന്ന് സര്‍ജന്‍ സിറിയക് പാപ്പച്ചന്‍ ഇറങ്ങി വന്നു പറഞ്ഞപ്പോഴും ഞങ്ങള്‍ സഹകരിക്കാന്‍ തയ്യാറായി. ജീവന്റെ കാര്യമല്ലേ..ലാപ്രോസ്കോപ്പി കഴിഞ്ഞ ശേഷം എന്നെയും അച്ഛനെയും മുറിയില്‍ വിളിപ്പിച്ചു സബിയുടെ ഗര്‍ഭപാത്രത്തില്‍ ഒരു ഗ്രോത്ത് കാണുന്നുണ്ട് എന്നും അതിനായി അടുത്ത ദിവസം എം.ആര്‍.ഐ സ്കാന്‍ ചെയ്യണം എന്നും ഡോ: സിറിയക് ആവശ്യപ്പെട്ടു.

52000 രൂപ അടച്ചു ഞങ്ങള്‍ ആശുപത്രിയില്‍ നിന്നും പോകാന്‍ ഒരുങ്ങുമ്പോഴാണ് ഞാന്‍ സബിയുടെ ദേഹത്ത് മെറ്റല്‍ സ്റ്റേപ്പ്ലര്‍ കാണുന്നത്. വലിയ പ്രാഗത്ഭ്യം ഒന്നുമില്ലെങ്കിലും, ശരീരത്തില്‍ മെറ്റല്‍ ഉള്ളപ്പോള്‍ എം.ആര്‍.ഐ സ്കാന്‍ ചെയ്യില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അതു പോലും ആ ഡോക്ടര്‍ക്ക് അറിയാമായിരുന്നില്ലെ? അതോ അത്രയ്ക്കും ഉദാസീനതയോ? ഒടുവില്‍ റിസപ്ഷനില്‍ നിന്നും വിളിച്ചു ചോദിക്കുമ്പോഴാണ് ഡോക്ടര്‍ അബദ്ധം മനസിലാക്കി മറ്റൊരു ഡേറ്റ് എഴുതി തന്നത്.

ഗ്രോത്ത് ഉണ്ടെന്നു കണ്ടെത്തി, മാത്രമല്ല, ആദ്യം ഓപറേഷന്‍ ചെയ്തു എന്ന് പറഞ്ഞ സിസ്റ്റ് അവിടെത്തന്നെയുണ്ട് എന്നും സ്കാനിങ്ങില്‍ കണ്ടു. അപ്പോള്‍ പിന്നെ എന്താണ് ആ ലാപ്രോസ്കോപ്പിയില്‍ ചെയ്തത്? സര്‍ജറി നടന്നു എന്ന് കാണിക്കാന്‍ മാത്രമായി ഒരു പ്രഹസനമോ? ഡോ.സിറിയക് എഴുതി തന്ന പുറത്തുള്ള ഒരു ലാബിലാണ് ഈ പരിശോധന നടത്തിയത്.

എന്റെ ലീവ് തീര്‍ന്നത് കൊണ്ടു അന്നു തന്നെ എനിക്ക് തിരിച്ചു മലേഷ്യക്ക് പോകേണ്ടി വന്നു. സന്തോഷത്തോടെയാണ് അവള്‍ എന്നെ യാത്രയയച്ചത്. ഇനി അവളെ അങ്ങനെ ചിരിക്കുന്ന മുഖത്തോടെ കാണാന്‍ കഴിയില്ല എന്നു ഞാന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല… അടുത്ത ദിവസം ഈ റിപ്പോർട്ടുമായി അവള്‍ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ എത്തി സർജൻ മാത്യു ജോണിനെ കാണിക്കുന്ന സമയം സിറിയക് പാപ്പച്ചൻ അവിടെക്ക് എത്തി- ആദ്യത്തെ സര്‍ജറിയില്‍ വീഴ്ചയുണ്ടായോ എന്ന് പറയാതെ, ഇത് നമുക്ക് ഇനിയൊരു ലാപ്രോസ്കോപിയിലൂടെ കളയാം ഒന്നും പേടിക്കണ്ട എന്നു സബിയോട് പറഞ്ഞു. അടുത്ത ദിവസം രാവിലെ ഈ രണ്ടു ഡോക്ടര്‍മാരും കൂടി സർജറി നടത്തുകയും അതിനു ശേഷം ഗൾഫിലേക്കോ മറ്റോ പോവുകയും ചെയ്തു.

ആദ്യത്തെ ലാപ്രോസ്കോപി കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ വാർഡിലേക്ക് മാറ്റിയ സബിതയെ ഈ ലാപ്രോസ്കോപിക്കു ശേഷം മൂന്നു ദിവസം ആയിട്ടും റൂമിലേക്ക്‌ മാറ്റിയില്ല. അവള്‍ക്കുള്ള ഭക്ഷണവും വെള്ളവും മറ്റു പാനീയങ്ങളും അവര്‍ അകത്തേക്ക് വാങ്ങിക്കൊണ്ടുപോയാണ് കഴിപ്പിച്ചത്. ഡൽഹിയിൽ സ്റ്റാഫ് നഴ്സ് ആയ എന്റെ സഹോദരി മായക്ക് സംശയം തോന്നി. അവിടെ ചെന്ന് കുട്ടിയെ കാണണം എന്ന് അച്ഛനോട് കണിശമായി ആവശ്യപ്പെട്ടു.

ആദ്യമൊന്നും അവര്‍ ഐസിയുവിലേക്ക് കടത്തി വിടാന്‍ തയ്യാറായില്ല, പക്ഷെ അച്ഛന്‍ ഒച്ചയുയര്‍ത്തിയതോടെ അവര്‍ അദ്ദേഹത്തെ മാത്രം അകത്തേക്ക് കയറ്റിവിട്ടു. അവിടെ കണ്ട കാഴ്ച അച്ഛന് ഇപ്പോഴും വിവരിക്കാനാവില്ല- സബിയുടെ വയര്‍ വല്ലാതെ വീര്‍ത്ത അവസ്ഥയില്‍ ആയിരുന്നു. വേദന കൊണ്ട് അച്ഛാ എന്നു വിളിച്ചു കരയുകയായിരുന്നു അവള്‍. അപ്പോൾ അവർ പറഞ്ഞത് അത് ഗ്യാസ് ആണ് എന്നായിരുന്നു. പക്ഷെ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് അച്ഛന്‍ ഞങ്ങളെ വിളിച്ചു പറഞ്ഞു.

അടുത്ത ദിവസം രാവിലെ അച്ഛനോടും അമ്മയോടും താഴെ ആംബുലന്‍സില്‍ എത്താനാണ് അവര്‍ ആവശ്യപ്പെട്ടത്. അത്യന്തം അത്യാസന്നനിലയില്‍ വെന്റിലേഷന്‍ നല്‍കിയ നിലയിലായിരുന്നു അപ്പോള്‍ സബി. അവളെ അവര്‍ തിരുവനന്തപുരം എസ്.യു.റ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു അവര്‍. പോകുന്ന വഴി അച്ഛൻ ചോദിച്ചപ്പോൾ കുടൽ ഒട്ടിപ്പോയതാണ് എന്നാണ് ആംബുലസില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞത്.തിരുവനന്തപുരം എസ്.യു.റ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ ഓപൺ സർജറിയിലൂടെ സബിയുടെ ശരീരത്തില്‍ കലങ്ങിയ മാലിന്യങ്ങള്‍ നീക്കുകയും തുടർന്ന് യൂറിനും ,മറ്റും പോകാൻ കൊളോസ്റ്റമി ചെയ്യുകയും ചെയ്തു. എങ്കിലും അവളുടെ സ്ഥിതി അപകടകരമായി തുടര്‍ന്നു.

അപ്പോഴേക്കും ഞാന്‍ വീണ്ടും നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഒരു ദിവസം മുന്‍പെങ്കിലും എത്തിച്ചിരുന്നെങ്കില്‍ അവള്‍ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യതകള്‍ കൂടുതലായിരുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍…. എക്മോ മെഷീൻ വരെ കൊണ്ടുവന്ന് ജീവൻ രക്ഷിക്കാൻ നോക്കി എങ്കിലും സാധിച്ചില്ല. 8 ലക്ഷത്തോളം രൂപ എസ്.യു.റ്റിയില്‍ ചെലവായി. പക്ഷെ… അവള്‍ മരിച്ചു… സബി പോയി…

എന്റെ സബി പോലെ, പലരുടെയും പ്രിയപ്പെട്ടവരാണ് ഇപ്പോഴും അവിടെ കയറിയിറങ്ങി നടക്കുന്നത്. ജീവന്‍ നല്‍കാന്‍ ശ്രമിക്കൂ…കൊല്ലരുത്!

* ആ മൂന്ന് ദിവസങ്ങള്‍ അവളെ ഐ.സി.യുവില്‍ ഇടാതെ പുറത്തു തന്നിരുന്നെങ്കില്‍, ഒരിക്കലും ഞങ്ങള്‍ അവള്‍ക്ക് ശ്വാസം മുട്ടുന്ന ഭക്ഷണം നല്കില്ലായിരുന്നല്ലോ?

* അവളുടെ കരച്ചില്‍ മനസിലാക്കി അവളുടെ വേദന അറിഞ്ഞു അടിയന്തര മെഡിക്കല്‍ സഹായം നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടുമായിരുന്നല്ലോ?

Advertisement