സൂക്ഷിക്കുക; ഈമാസം 27നും 28നും കേരളത്തില്‍ വീണ്ടും കനത്തമഴയ്ക്ക് സാധ്യത

45

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 27, 28 തിയ്യതികളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മഴ പെയ്യുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നത്. 27ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും 28ന് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യാമെന്നാണ് പ്രവചനം.

എന്നാല്‍, 12 മുതല്‍ 20 സെന്റീമീറ്റര്‍വരെ പെയ്താലേ അതിശക്തമായ മഴയെന്ന് പറയൂ. പ്രളയകാലത്ത് 20 സെന്റീമീറ്ററിലും കൂടുതല്‍ മഴയാണ് ചില സ്ഥലങ്ങളില്‍ ദിവസങ്ങളോളം പെയ്തത്.
മഴ മുന്നറിയിപ്പില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജാഗ്രതപാലിക്കാനും നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രികാല മലയോരയാത്ര ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ വീടൊഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ട്.

Advertisements
Advertisement