തൊടുപുഴ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിയെടുത്ത് മുങ്ങിയ കേസിൽ പോലീസ് പിടിയിലായ മേലുകാവ് വൈലാറ്റിൽ ജോർജ് ( അപ്പു -21) നേരത്തെയും സമാന രീതിയിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി.
ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിയെടുത്തതിന് ഇയാളുടെ പേരിൽ പോക്സോ കേസുള്ളത്. കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസും അപ്പുവിന്റെ പേരിലുണ്ട്. വേറെ സ്ഥലങ്ങളിൽ നിന്നും പെണ്‍കുട്ടികൾ ഇയാളുടെ വലയിൽ വീണോയെന്ന അന്വേഷണത്തിലാണ് പോലീസ്.
പ്രലോഭിപ്പിച്ച് തട്ടിയെടുക്കുന്ന പെണ്‍കുട്ടികളുമായി ഒളിവിൽ കഴിഞ്ഞതിനു ശേഷം ഇവരിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത് കടന്നു കളയുകയാണ് പ്രതിയുടെ രീതി. ഇവിടെ നിന്നും മുങ്ങിയാൽ മറ്റെവിടെയെങ്കിലും പൊങ്ങി കൂലിപ്പണിയെടുക്കുന്നതിനിടയിൽ പെണ്‍കുട്ടികളെ വശീകരിക്കുകയാണ് പതിവ്.
ഇന്നലെ വൈകിട്ട് കുമളി സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നതിനാൽ പെണ്‍കുട്ടിയെ ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിയെയുമായി മുങ്ങി കാട്ടിലൊളിച്ച അപ്പു പോലീസിനെയും നാട്ടുകാരെയും ബന്ധുക്കളെയും വട്ടം ചുറ്റിച്ചത് 23 ദിവസം.
ജനങ്ങളുടെ കണ്ണിൽപ്പെടാത്ത പ്രദേശത്ത് പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളും വെള്ളവും കഴിച്ചാണ് ഇരുവരും കഴിഞ്ഞതെന്ന വിവരം പോലീസിനെ പോലും അദ്ഭുതപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി അപ്പു ഇലവീഴാപൂഞ്ചിറയ്ക്കു സമീപം അടൂർമല ഭാഗത്താണ് കഴിഞ്ഞത്. ഇന്നലെ പുലർച്ചെ മലയിറങ്ങി അടുത്ത പ്രദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത് .
കുമളിയിൽ അടയ്ക്ക പറിക്കുന്ന ജോലിക്കായി എത്തിയ അപ്പു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. ഏതാനും ദിവസം താമസിക്കാനുള്ള ഭക്ഷണ സാധനങ്ങളും പാത്രങ്ങളും മറ്റുമായാണ് ജോർജ് പെണ്‍കുട്ടിയുമായി കാടു കയറിയത്. ഇത് തീർന്നതോടെ സമീപത്തെ പുരയിടങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. പാറയിടുക്കുകളിലും ഈറ്റക്കാട്ടിലുമായിരുന്നു ഒളിവു വാസം.
അപ്പുവിന്റെ ബൈക്കും പെണ്‍കുട്ടിയുടെ ബാഗും ഭക്ഷണാവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താനായില്ല. കഴിഞ്ഞ ജനുവരി ആറിനാണ് കുമളിക്കടുത്തുനിന്നും പള്ളിയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായത്. അടുപ്പമുണ്ടായിരുന്ന മേലുകാവ് സ്വദേശിയുടെ കൂടെയാണ് പെണ്‍കുട്ടി പോയതെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കുമളി പോലീസ് കേസെടുത്തു.
തുടർന്ന് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഭാഗത്ത് ഇരുവരും ഒളിച്ച് കഴിയുന്നതായി സൂചന ലഭിച്ചത്. ഇതോടെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ മുപ്പതിലധികം വരുന്ന പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ മുന്നാഴ്ചയായി ഇവിടെ അരിച്ചു പെറുക്കി തെരച്ചിൽ നടത്തി വന്നത്.
ഇന്നലെ പുലർച്ചെ ചാക്കുകെട്ടുമായി അടൂർമലയിൽ നിന്നും കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി തെരച്ചിലിലേർപ്പെട്ടിരുന്ന പോലീസിന്റെ മുന്നിൽ പെടുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാനാണ് ചാക്കുകെട്ടു ചുമന്ന് മലയിറങ്ങിയത്. പോലീസിനെ കണ്ണിൽപ്പെട്ടതോടെ രണ്ടു പേരും രണ്ടുവഴിക്ക് ഓടി മറഞ്ഞു. തീർത്തും അവശനിലയിലായിരുന്ന പെണ്‍കുട്ടി ശരംകുത്തി ഭാഗത്തുള്ള ഒരു വീട്ടിലെത്തി വാതിലിൽ മുട്ടിവിളിച്ച് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.
വീട്ടുകാർ പെണ്‍കുട്ടിക്ക് ഭക്ഷണം നൽകി വിശ്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. പാറയിടുക്കുകളിലും വലിയ മരച്ചുവട്ടിലുമാണ് കഴിഞ്ഞിരുന്നതെന്ന് പെണ്‍കുട്ടി ഇവരോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. ഇവിടത്തെ വനമേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. പോലീസ് ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതിനു ശേഷമാണ് സമീപവാസികളായ നാട്ടുകാർക്കും ഇവരെ തിരിച്ചറിയാൻ കഴിഞ്ഞത്.