പത്തനംതിട്ട: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നില്‍വച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ കയ്യേറ്റം ചെയ്തുവെന്ന പരാതി ഒത്തുതീര്‍പ്പായി. പുനലൂര്‍ എന്‍.എസ്.എസ് ആസ്ഥാനത്തുവച്ച് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വിവാദമായ തല്ല് കേസിന് തീര്‍പ്പാവുന്നത്.
ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള, ഗണേഷ് കുമാര്‍ എം.എല്‍.എ, മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍.എസ്.എസ് നേതാക്കള്‍ തുടങ്ങിയവര്‍ അനുനയചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ബാലകൃഷ്ണപ്പിള്ളയും, ഗണേഷ് കുമാറും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അഞ്ചല്‍ പൊലീസാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അഗസ്ത്യകോട് സ്വദേശികളാണ് അനന്തകൃഷ്ണനും അമ്മയും. ഒരു മരണവീട്ടില്‍ പോയി വരികയായിരുന്ന എം.എല്‍.എയുടെ വാഹനത്തിന് ഇതേ വീട്ടില്‍ പോയി വരികയായിരുന്ന അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച വാഹനം സൈഡ് നല്‍കിയില്ലന്നെരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്.
ഗണേഷ് കുമാറിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള കേസുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കം ഉണ്ടാവുമെന്ന സാഹചര്യം വന്നതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായത്.
മര്‍ദ്ദനം നടക്കുന്ന സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചല്‍ സി.ഐ മോഹന്‍ദാസ് വെറും കാഴ്ചക്കാരനായി നിന്നെന്നും ആരോപണമുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മയുടെ രഹസ്യമൊഴിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
സ്ഥലം സി.ഐ കൂടിയായ മോഹന്‍ദാസിന്റെ വീടിനടുത്തു വച്ചാണ് എം.എല്‍.എ യുവാവിനെ മര്‍ദിച്ചത്. സംഭവസ്ഥലത്ത് എത്തിയ സി.ഐ അവിടെ നിന്നും ഗണേഷ് കുമാറിനെയും ഡ്രൈവറെയും രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്.