പെട്രോള്‍ കുപ്പിയില്‍ നല്‍കിയില്ല, പള്‍സറിന്റെ ടാങ്കും ഊരികൊണ്ട് എണ്ണയടിക്കാനെത്തി ഫ്രീക്കന്‍മാര്‍; വീഡിയോ വൈറല്‍

34

കൊച്ചി: വഴിയില്‍ വെച്ച് പെട്രോള്‍ തീര്‍ന്ന് പോവുക എന്നത് വാഹനയാത്രികര്‍ക്ക് പലപ്പോഴും പറ്റുന്ന അബദ്ധമാണ്. ഇതിന് പരിഹരിക്കാനായി ഉടന്‍ തന്നെ അടുത്തുള്ള പമ്പിലെത്തി പെട്രോള്‍ കുപ്പിയില്‍ വാങ്ങാറാണ് പതിവ്.

എന്നാല്‍ പെട്രോള്‍ ഒഴിച്ച് രണ്ടിടത്ത് പെണ്‍കുട്ടികളെ തീകൊളുത്തിയതോടെ കുപ്പികളില്‍ ഇന്ധനം കൊടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.

Advertisements

ഇതില്‍ ഏറ്റവും വലഞ്ഞത് ബൈക്ക് യാത്രികരാണ്. പെട്രോളില്ലാതെ ബൈക്ക് വഴിയില്‍ കിടന്നാലും പമ്പില്‍ കുപ്പിയുമായി എത്തിയാല്‍ ഇന്ധനം കിട്ടാത്ത അവസ്ഥ.

കുപ്പിയില്‍ പെട്രോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബൈക്കിന്റെ ടാങ്ക് ഊരികൊണ്ടുവന്ന് ഇന്ധനം നിറച്ചൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

എന്നാല്‍ ഇത് എവിടെ നടന്ന സംഭവമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എതായാലും വീഡിയോ വൈറലായി. യുവാക്കളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി കാമുകിയുടെ ദേഹത്ത് ഒഴിക്കുകയും പിന്നെ സ്വയം ഒഴിക്കുകയും ചെയ്തുണ്ടായ രണ്ട് മരണം കോട്ടയത്ത് നടന്നിരുന്നു.

കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച് പത്തനംതിട്ടയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവവും ഈ അടുത്ത സമയത്ത് ഉണ്ടായി.

ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പെട്രോള്‍ പമ്പുുകളില്‍ നിന്നും ഇനിമുതല്‍ കുപ്പിയില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന് എണ്ണകമ്പനികള്‍ തീരുമാനിച്ചത്.

ഇന്ധന ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ കമ്പനികള്‍ പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

എക്സ്പ്ലോസീവ് നിയമ പ്രകാരം പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. പകരം ഇന്ധനം വാങ്ങാനായി പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂ എന്നും ചട്ടം അനുശാസിക്കുന്നു.

പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല.

Advertisement