ഏഴുവസ്സുകാരനെ മര്‍ദ്ദിക്കാന്‍ കൂട്ടുനിന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്? ദീപ നിശാന്തിന്റെ കുറിപ്പ് വൈറല്‍

19

തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസ്സുകാരന്റെ അമ്മയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് അധ്യാപിക ദീപാ നിശാന്ത് രംഗത്ത്.

എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി, മക്കളെ ധൈര്യം വരുത്തല്‍ പരിശീലനത്തിനായി രാത്രികളില്‍ വീട്ടില്‍ തനിച്ചാക്കി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ് എന്ന് ദീപ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

Advertisements

ഏഴ് വയസ്സുള്ള ആ മോനെ ക്രൂരമായി മര്‍ദ്ദിച്ച് അത്യാസന്നനിലയിലാക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ ഉള്ളില്‍ തെളിഞ്ഞ കുടുംബചിത്രത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം തീര്‍ത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീചജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്ന മുന്‍വിധിയാണുണ്ടായത്.

അവര്‍ക്ക് ചിലപ്പോ വീടുണ്ടാകില്ല, വിദ്യാഭ്യാസമുണ്ടാകില്ല, തൊഴിലുണ്ടാകില്ല, സഹായിക്കാന്‍ കുടുംബാംഗങ്ങളായി ആരുമുണ്ടാകില്ല, സഹായ വാഗ്ദാനം നടത്തി പറ്റിക്കൂടിയ ഒരു ചെകുത്താനെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു കാണില്ല. ഇതൊക്കെയായിരുന്നു ഉള്ളിലുയര്‍ന്ന ചിത്രം

അല്ലാതെ ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് കണ്ടു നില്‍ക്കാനാകുക?ഇപ്പോ കേള്‍ക്കുന്നു ആ സ്ത്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവളാണ്.

ബി ടെക് ബിരുദധാരിണിയാണ്. സാമ്പത്തിക സുസ്ഥിരതയുള്ള സ്ത്രീയാണ്. അവരാണ് ഇത്രനാളും സ്വന്തം കുഞ്ഞുങ്ങള്‍ക്കു മേലുള്ള ഈ മൃഗീയമര്‍ദ്ദനം അനുവദിച്ചു കൊടുത്തത് ദീപ കുറിക്കുന്നു.

എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി, മക്കളെ ‘ധൈര്യം വരുത്തല്‍ പരിശീലനത്തിനായി ‘രാത്രികളില്‍ വീട്ടില്‍ തനിച്ചാക്കി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?

ആ കുട്ടികളെ ഇത്ര ദാരുണമായി മര്‍ദ്ദിച്ചിട്ടും അയാള്‍ക്കെതിരെ പറയാതെ, കള്ളം പറഞ്ഞ് അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ച അവര്‍ എന്ത് ന്യായീകരണമാണ് അര്‍ഹിക്കുന്നത് സ്‌കൂളിലെ ടീച്ചര്‍മാരോട്, ‘അച്ഛ മരിച്ചു’ എന്ന് ദയനീയമായി പിറുപിറുക്കുന്ന ആ കുട്ടിയെ കണ്‍മുമ്പില്‍ കാണുന്നു.

ഇങ്ങനെ എത്ര കുട്ടികളുണ്ടാകും. തൊട്ടയല്‍പക്കത്തെ നിലവിളികളോട് ഇനിയും നിസ്സംഗത പുലര്‍ത്തിക്കൂടാ. വീടിനു പുറത്തെ നിലവിളികള്‍ക്കു മാത്രമല്ല, വീട്ടിനകത്തെ നിലവിളികള്‍ക്കും നാം കാതു കൂര്‍പ്പിക്കണം. കുഞ്ഞേ…പൊറുക്കുക!

Advertisement