മലപ്പുറം:വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം മൂത്തതോടെ മലപ്പുറം എടക്കരയില്‍ കോഴിയിറച്ചിയുടെ വില ഒരു കിലോക്ക് 40 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയായി വിലകുറക്കല്‍ മത്സരത്തിലാണ് എടക്കരയിലെ കോഴി ഇറച്ചി കച്ചവടക്കാര്‍.
കഴിഞ്ഞ മാസം പതിനാറിന് ഒരു പുതിയ കട തുറന്നതോടെയാണ് എടക്കരയില്‍ കോഴി ഇറച്ചിയുടെ വില ഇടയാൻ തുടങ്ങിയത്. ഉദ്ഘാടന ദിവസം ഇവിടെ കോഴി ഇറച്ചി വിപണിവിലയില്‍ നിന്ന് 10 രൂപ കുറച്ച് 70 രൂപക്ക് വിറ്റു. ഇത് മറ്റ് കച്ചവടക്കാരെ ചൊടിപ്പിച്ചു.
അവര്‍ കൂട്ടായി തീരുമാനിച്ച് കിലോക്ക് 20 രൂപ കുറച്ച് കോഴി ഇറച്ചി വില അമ്പതിലെത്തിച്ചു. പുതിയ കടക്കാരനും വിട്ടില്ല. അയാള്‍ നാല്‍പ്പതു രൂപക്ക് വില്‍ക്കാൻ തുടങ്ങി.
ഇതോടെ കോഴിയിറച്ചി വാങ്ങാൻ ആളുകളുടെ നെട്ടോട്ടമായി. പലകടകളിലും സ്റ്റോക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ന്നു. പലരും കടകള്‍ തുറക്കുന്നതും കാത്ത് നില്‍പ്പായി. സ്റ്റോക്കുള്ള കടകളില്‍ തിരക്ക് കൂടിയതോടെ പലയിടത്തും ക്യു സിസ്റ്റമായി.