കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം സികെ വിനീത്. തനിക്കെതിരേ മഞ്ഞപ്പട വ്യാജ പ്രചരണം നടത്തുന്നതായി നിലവില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ താരമായ വിനീത് പൊലീസില്‍ പരാതി നല്‍കി.
ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമാണ് തനിക്കെതിരെയുള്ള അക്രമണം. ഇനി അത് സഹിക്കാനാകില്ലെന്നും താരം വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തിനിടെ ബോള്‍ബോയിയെ അസഭ്യം പറഞ്ഞുവെന്ന രീതിയില്‍ മഞ്ഞപ്പട തനിക്കെതിരേ വ്യാജ പ്രചരണം നടത്തുന്നു. മഞ്ഞപ്പടയുടെ ചില ഭാരവാഹികളാണ് ഇതിന് പിന്നില്‍. അതേസമയം, കളിക്കാരോടുള്ള മഞ്ഞപ്പടയുടെ സമീപനം മോശമാണെന്നും വിനീത് വ്യക്തമാക്കി.
ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡുള്ള വിനീത് ആദ്യമായാണ് മഞ്ഞപ്പടയ്‌ക്കെതിരേ രംഗത്ത് വരുന്നത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളി തുടങ്ങിയ വിനീത് ജനുവരി ട്രാന്‍സ്ഫറിലാണ് ചെന്നൈയിനിലേക്ക് കൂടുമാറിയത്.
അതേസമയം, മഞ്ഞപ്പടയ്‌ക്കെതിരേ നേരത്തയും ആരാധകര്‍ക്കിടയില്‍ വിമര്‍ശനമുണ്ടായിരുന്നു. കളിയോടുള്ള സമീപനം ഫെയ്‌സ്ബുക്കില്‍ മാത്രമൊതുക്കുന്ന കൂട്ടായ്മ എന്ന വിമര്‍ശനം മഞ്ഞപ്പടയ്ക്കുണ്ട്.
എതിര്‍ടീം ആരാധകരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിന് ബെംഗളൂരു എഫ്‌സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് അടക്കം മഞ്ഞപ്പടയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു.