പണവും ഗൾഫ് ജോലിയും വാഗ്ദാനം ചെയ്ത് ഇരയാക്കും; ഉപയോഗിച്ചത് നാൽപ്പതോളം നിർധന യുവതികളെ ; ബിജുവും ഭാര്യയും സെറീനയും ചേർന്ന് ചെയ്ത് കൂട്ടിയത്

39

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ഉപയോഗിച്ചത് നാൽപ്പതോളം നിർധന യുവതികളെ.

പണവും ഗൾഫ് ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ ഇരയാക്കിയെന്നു ഡി.ആർ.ഐയ്ക്കു തെളിവു ലഭിച്ചു. കടത്തിനു കൂട്ടുനിന്നത് കസ്റ്റംസ് ഉദ്യോഗസ്ഥർ.

Advertisements

വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗൾഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വർണം കടത്തിക്കൊണ്ടുവരികയുമായിരുന്നു രീതി.

ഏതാനും കസ്റ്റംസ് ഉദ്യോഗസഥരാണ് വിമാനത്താവളത്തിൽ ഇവർക്കു സഹായം നൽകിയിരുന്നത്. പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നൽകിയിരുന്നതായാണു കണ്ടെത്തൽ.

ഈ ഉദ്യോഗസ്ഥരിപ്പോൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇതിൽ ചിലരുടെ വീടുകളിൽ രഹസ്യപരിശോധന നടത്തി.

കഴിഞ്ഞ 13-ന് തിരുമല സ്വദേശി സുനിൽകുമാർ, സുഹൃത്ത് സെറീനാ എന്നിവരെ 25 കിലോ സ്വർണവുമായി പിടികൂടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ 40ലേറെ സ്ത്രീകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തിയതായി ഡി.ആർ.ഐയ്ക്കു വിവരം ലഭിച്ചു.

വിശദമായ അന്വേഷണത്തിലാണ് ഇവരെല്ലാം നിർധന കുടുംബാംഗങ്ങളാണെന്നു വ്യക്തമായത്. കടത്തുന്ന സ്വർണത്തിന് അനുസരിച്ചാണ് ഇവർക്കു കമ്മീഷൻ നൽകിയിരുന്നത്.

അറസ്റ്റിലായ സെറീന വഴിയാണ് സ്വർണക്കടത്തിന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്ത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനകൾ ഒഴിവാക്കിയതു സ്ഥരീകരിക്കാൻ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മുഖ്യപ്രതികളായ അഡ്വ. ബിജുവും, ഹക്കീമും ഒളിവിലാണ്.

മുൻ ബാർ അസോസിയേഷൻ നേതാവു കൂടിയായ ബിജുവിനെ ഉപയോഗപ്പെടുത്തി ഹക്കീമാണ് സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്.

നഗരത്തിലെ ഒരു സ്വർണക്കടയിലെ മാനേജരായിരുന്ന ഹക്കീം മലപ്പുറം, കോഴിക്കോട് മേഖലകളിലെ നിരവധി സ്വർണക്കടകളിൽ സ്വർണമെത്തിച്ചു നൽകിയിരുന്നു.

Advertisement