തൊടുപുഴയിൽ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത് കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തി.
എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരികക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 201, 212 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തയിരിക്കുന്നത്.
കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75-ആം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ.
10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
അതേ സമയം ഇളയ കുട്ടിയെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഇവരുടെ സുഹൃത്തും ബന്ധുവുമായ അരുണിന്റെ മർദ്ദനത്തിൽ ഏഴുവയസുകാരൻ മരിക്കുന്നത്.
സംഭവത്തിൽ അരുൺ ആനന്ദിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ ആശുപത്രിയിലാക്കിയ സമയത്ത് തന്നെ ബാലപീഡനത്തിന് ഇയാൾ അറസ്റ്റിലായിരുന്നു.
പിന്നാലെ ഇയാൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു.