അബ്ദുല്‍ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും; പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍

88

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ യാചക യാത്രയും അദ്ദേഹത്തിന്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. മലയാളികളുടെ നന്മ ലോകത്തിനു മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിര്‍മ്മിക്കുന്നത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. 

അതേസമയം ഇതേക്കുറിച്ച് സംവിധായകന്‍ ബ്ലെസ്സിയുമായി സംസാരിച്ചു. പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. സിനിമയെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം എന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

Advertisements

കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുല്‍ റഹീം കഴിഞ്ഞ 18 വര്‍ഷമായി സൗദിയില്‍ ജയിലില്‍ കഴിയുകയാണ്. സ്‌പോണ്‍സറുടെ മകന്റെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിനാണ് അബ്ദുല്‍ റഹീമിന് വധശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി കാറില്‍ വച്ച് അസ്വസ്ഥത കാണിച്ചപ്പോള്‍ സഹായത്തിനെത്തിയ അബ്ദുല്‍റഹീമിന്റെ കൈതട്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണം നിലച്ചുപോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

 34 കോടി രൂപ മോചന ദ്രവ്യം നല്‍കിയാല്‍ വധ ശിക്ഷയില്‍ നിന്ന് രക്ഷ നേടാമെന്ന് കുടുംബം അറിയിച്ചതോടെയാണ് മലയാളികളൊന്നാകെ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്തത്. 34 കോടി രൂപയും സമാഹരിച്ചു.

 

Advertisement