ആലക്കോട്: ചായ കുടിക്കുന്നതിനിടെ കഴിക്കാന്‍ വാങ്ങിയ ഉള്ളിവടയില്‍ നിന്നും സ്വര്‍ണ്ണ മോതിരം കിട്ടിയാലോ, അതും അരപവനോളം വരുന്നത്. കണ്ണൂരിലെ ആലക്കോട്ട് മില്‍മ്മ ബൂത്തിനടുത്തെ ലഘു ഭക്ഷണ ശാലയിലാണ് സംഭവം. കടയില്‍ ചായകുടിക്കാനെത്തിയ പ്രവാസിയായ അനീഷിന് ജോസഫിന് ഉള്ളിവടയ്ക്കൊപ്പം കിട്ടിയത് സ്വര്‍ണ്ണ മോതിരം. അതും മൂന്ന് ഗ്രാമിന്റെ 916 സ്വര്‍ണ്ണ മോതിരം.
ആലക്കോട് ടൗണിലെ മില്‍മ്മ ബൂത്തിനോട് ചേര്‍ന്ന് നടത്തുന്ന ലഘുഭക്ഷണ ശാലയില്‍ നിന്നും പാത്തന്‍പാറ മേലാരംതട്ടിലെ കാപ്പിയില്‍ അനീഷ് വാങ്ങിയ ഉള്ളിവടയിലാണ് അര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം കണ്ടെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ കയറിയ അനീഷ് ചായക്കൊപ്പം വാങ്ങിയ ഉള്ളിവട കഴിക്കുന്നതിനിടെയാണ് കട്ടിയുള്ള ലോഹത്തിന്റെ ഭാഗം ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് ലഭിച്ചത് 916 തനി സ്വര്‍ണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. ലഘു ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്കുന്ന കേന്ദ്രത്തില്‍ നിന്നും എത്തിയ ഉള്ളിവടയില്‍ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്. വട തയ്യാറാക്കുന്നവരുടെ വിരലില്‍ നിന്ന് ഊരിപോയതാകാം സ്വര്‍ണ്ണ മോതിരമെന്ന് കരുതുന്നു. മോതിര ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.