കൊച്ചി: സ്‌കൂൾ വിദ്യാർഥി വിദ്യാർഥിനികളടങ്ങിയ അതിരുകടന്ന സൗഹൃദ് ഗ്രൂപ്പുകൾ സജീവം. പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളാണ് ഇത്തരം ഗ്രൂപ്പുകളിൽ അംഗമായിട്ടുള്ളത്. രാത്രി കാലങ്ങളിൽ ഇരു ചക്രവാഹനത്തിൽ രക്ഷിതാക്കളറിയാതെ വീട് വിട്ടിറങ്ങുന്ന ആൺകുട്ടികൾ പോക്സോ കേസിലാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
കണ്ണൂർ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ സ്‌കൂൾ വിദ്യാർഥിനികളുടെ മരണം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് എത്തിയത്. ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള കുട്ടികൾ നടത്തിയിട്ടുള്ള ആശയ വിനിമയങ്ങൾ പോലീസ് ശേഖരിച്ചു. രാത്രി വീട്ടിലുള്ളവർ ഉറങ്ങുന്ന സമയവും കിടപ്പു മുറിയിലേക്ക് കടന്നു വരേണ്ട വഴികളും പെൺകുട്ടികൾആൺ സുഹൃത്തിന് വിവരിച്ചു കൊടുക്കുന്ന മെസേജുകളും സെക്സിന്റെ നൂതന മാർഗങ്ങൾ സംബന്ധിച്ച സംവാദങ്ങളും പോലീസ് ശേഖരിച്ചവയിൽ പെടുന്നു.
‘അമ്മ ഉറങ്ങും, 12.30 ന് വരിക’ എന്നു പറഞ്ഞ് ഒരു പെൺകുട്ടി ആൺസുഹൃത്തിന് അയച്ച മെസേജും പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രണയം സെക്സിന്റെ ആസ്വാദനത്തിനും വിവാഹം സെറ്റിൽമെന്റുമാണ് എന്ന ചിന്തയാണ് ഇത്തരക്കാരുടെ ആശയ വിനിമയങ്ങളിലുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രാത്രി പത്തിനുശേഷം ഭക്ഷണം കഴിക്കാനെന്നു പറഞ്ഞും സുഹൃത്തിനെ കാണാനെന്നു പറഞ്ഞും വീട്ടിൽ നിന്നും ഇറങ്ങുന്ന ആൺകുട്ടികളുടെ നീക്കത്തിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും രാത്രിയിൽ കുട്ടികൾ വീട്ടിനുള്ളിൽ തന്നെയുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.