തളിപ്പറമ്പ് : കേരള ഭാഗ്യക്കുറി മൺസൂൺ ബമ്പർ അഞ്ചു കോടി രൂപ പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ ജീവനക്കാരന്. 18ന് നറുക്കെടുത്ത 68ാമത് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് പറശ്ശിനി മടപ്പുരയിലെ ക്ലർക്ക് പി എം അജിതന് ലഭിച്ചത്.
സമ്മാനാർഹനെ കഴിഞ്ഞ ദിവസംവരെ അറിഞ്ഞിരുന്നില്ല. പറശ്ശിനി മടപ്പുര കുടുംബാംഗവും കൊവ്വൽ സ്വദേശിയുമായ അജിതന് നേരത്തെ വിൻവിൻ ഭാഗ്യക്കുറിയുടെ 40 ലക്ഷം രൂപയും 40 പവൻ സ്വർണവും ലഭിച്ചിരുന്നു. നേരത്തെ ഒമ്പത് വർഷം മുൻപ് 40 ലക്ഷം 50 പവനും ആണ് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരനായ പിഎം അജിതനെ (61) ഭാഗ്യദേവത കടാക്ഷിച്ചത്.
ഇപ്പോൾ അഞ്ച് കോടിയുടെ ബംപർ സമ്മാനം തേടിയെത്തിയിരിക്കുകയാണ് ഇദ്ദേഹത്തിന്. കണ്ണൂർ തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിയുടെ കീഴിലെ ഏജന്റായ മുയ്യം സ്വദേശി പവിത്രനിൽ നിന്നു വാങ്ങിയ ബംപർ ടിക്കറ്റിനാണു ഒന്നാം സമ്മാനം ലഭിച്ചത്.
ലോട്ടറി ഫലം വന്നപ്പോൾ തന്നെ അടുത്ത സൃഹൃത്തുക്കളോട് സമ്മാന വിവരം പറഞ്ഞിരുന്നുവെങ്കിലും പലർക്കും അത് വിശ്വസിക്കാനായില്ല. മരുമകൻ ജോലി ചെയ്യുന്ന പുതിയതെരു കാനറ ബാങ്ക് ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു. ഇന്നലെ വിവരം ഔദ്യോഗികമായി ലഭിച്ച ശേഷമാണ് പുറത്ത് വിട്ടത്. 35 വർഷമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ക്ലാർക്കായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 2011ൽ വിൻവിൻ ലോട്ടറിയുടെ 40 ലക്ഷവും 50 പവനും അടിച്ച ശേഷം പതിവായി ലോട്ടറി എടുക്കാറുണ്ടെന്ന് അജിതൻ പറയുന്നു.
തൃപ്തി തോന്നുന്ന നമ്പറുകൾ നോക്കിയാണ് ടിക്കറ്റ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സവിതയാണു ഭാര്യ. മകൻ അതുൽ സൗദിയിൽ മെക്കാനിക്കൽ എൻജിനീയറാണ്. മകൾ അഞ്ജന ബിടെക് വിദ്യാർത്ഥിനിയാണ്.