പൂവാർ സ്വദേശിനിയായ രാഖി രാജനെ കാണാതാവുന്നത് ഇക്കഴിഞ്ഞ ജൂൺ 21നാണ്. എറണാകുളത്ത് ജോലി ചെയ്തിരുന്ന രാഖി അന്നേ ദിവസം വീട്ടിൽ നിന്നും സുഹൃത്തുക്കൾക്കുള്ള പലഹാരവും കരുതി ഇറങ്ങിയതാണെന്ന് പിതാവ് രാജൻ കണ്ണീരോടെ ഓർക്കുന്നു.
പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടിയില്ല, യാതോരു വിവരവുമില്ലാതെ ആയതോടെ പൊലീസിൽ പരാതി നൽകി. ഒരു മാസമായി പൊലീസ് അന്വേഷിക്കുന്നു. ഒടുവിൽ അമ്പൂരിൽ തട്ടാൻമുക്കിൽ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തി. ഇതിന്റെ ഞെട്ടലിലാണ് കുടുംബം.
മകളെ കാണാതായതോടെ ആരോടെങ്കിലും പ്രണയമുണ്ടായി ഒളിച്ചോടിയതാകാമെന്നും എന്നെങ്കിലും തിരിച്ച് വരുമെന്ന് കരുതിയിരിക്കുകയായിരുന്നു എന്നുമായിരുന്നു ഇവർ കരുതിയിരുന്നത്. എന്നാൽ, മകളുടെ ജീർണിച്ച ശരീരം കാണേണ്ടി വരുമെന്ന് ഒരിക്കൽ പോലും രാജൻ കരുതിയിരുന്നില്ല.
പുത്തൻകടയിലെ പഞ്ചായത്ത് വക കടയിൽ പതിറ്റാണ്ടുകളായി രാജൻ തട്ടുകട നടത്തുകയാണ്. ഭാര്യ വർഷങ്ങൾക്ക് മുമ്ബ് മരിച്ചു. ചായക്കടയിൽ നിന്ന് താൻ നൽകിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിൻ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു.
രാഖിയുമായി 6 വർഷം പ്രണയത്തിലായിരുന്ന അഖിലാണ് കൊലപാതകത്തിനു പിന്നിൽ. രാഖിയെ മനപ്പൂർവ്വം ഒഴിവാക്കിയത് 4 വർഷമായി തുടരുന്ന മറ്റൊരു പ്രണയത്തിന് വേണ്ടിയും. ഇവരുടെ വിവാഹ നിശ്ചയം വരെ കാര്യങ്ങൾ എത്തിയതോടെയാണ് രാഖിയെ ഒഴിവാക്കിയത്.
രാഖിയുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് കാര്യങ്ങൾ കൂടുതൽ തെളിഞ്ഞത്. ഡൽഹിയിൽ സൈനികനായ ഇയാൾ 21ന് നെയ്യാറ്റിൻകരയിലെത്തി രാഖിയെ കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.
കാർ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയതായാണ് സൂചന. കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്ന അയൽവാസിയാണ് മൊഴി നൽകിയത്. അഖിലിന്റെ സഹോദരൻ രാഹുലിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നതെന്ന് റിപ്പോർട്ടുകൾ.