കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന മന്ത്രിയായിരുന്നു ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചർ. നിപ്പയും കോവിഡും ഒക്കെ പ്രതിരോധിക്കുന്നതിൽ ടീച്ചറിന്റെ നേതൃ പാടവം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ഷൈലജ ടീച്ചറിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇപ്പോഴിതാ ഷൈലജ ടീച്ചറിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിത്താരയുടെ പ്രതികരണം. സിത്താരയുടെ ഫേസ്ബുക്ക കുറിപ്പ് ഇങ്ങനെ:
ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വർഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാർ പറഞ്ഞു. ടീച്ചറില്ലാത്തതിൽ കടുത്ത നിരാശ, പുതിയ മന്ത്രിസഭക്ക് ആശംസകളും എന്ന് സിത്താര കുറിക്കുന്നു.
അതേ സമയം ഷൈലജ ടീച്ചറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്. നടിമാരായ സംയുക്ത മേനോൻ, ഗീതുമോഹൻദാസ്, മാലാ പാർവതി തുടങ്ങിയവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു ഷൈലജ ടീച്ചറിന്റെ പ്രതികരണം.
പാർട്ടി ഏൽപ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ഷൈലജ ടീച്ചർ പറഞ്ഞു. സിപിഎം വിപ്പായാണ് ഇപ്പോൾ കെകെ ഷൈലജ ടീച്ചറെ തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയൻ ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് ഷൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയത്.
കഴിഞ്ഞ പിണറായി സർക്കാറിൽ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിമാരിൽ ഒരാളായിരുന്നു കെകെ ഷൈലജ ടീച്ചർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിരുന്നു.