മൂന്ന് വയസ്സുകാരൻ മുഹമ്മദ് മിബിസിബിന്റെ മരണം വയനാട് പുത്തുമലക്കാർക്ക് ഓർക്കാൻ പോലുമാവാത്ത ഞെട്ടലിലാണ് . പുത്തുമലയിൽ ചായക്കട നടത്തുന്ന ഷൗക്കത്ത് മുനീറ ദമ്പതികളുടെ മകനാണ് ഉരുൾപൊട്ടലിൽ മരിച്ചത്. ആറ്റുനോറ്റുണ്ടായ കൺമണിയെ താലോലിച്ച് കൊതിതീരും മുമ്പ് മരണം തട്ടിയെടുത്തതിന്റെ ആഘാതത്തിലാണ് ഷൗക്കത്ത്. മകന്റെ മരണവിവരം മുനീറയെ അറിയിച്ചിട്ടില്ല.
ദുരന്തഭൂമിയിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഷൗക്കത്തിനെയും മുനീറയെയും രക്ഷപ്പെടുത്തി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലും അവർ തിരക്കിയത് തന്റെ കൺമണിയെക്കുറിച്ചുമാത്രമാണ്. മകനൊപ്പമുള്ള അവസാന നിമിഷങ്ങൾ ഓർത്തെടുക്കുമ്പോഴും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആ അമ്മ.
ചായ കുടിച്ചിരിക്കുന്ന സമയത്താണ് ‘ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാൻ പറ്റുന്നില്ല’ എന്ന് പറഞ്ഞ് മകൻ മുഹമ്മദ് മിഹിസിബ് വന്നത്. ചായ കൊടുത്തിട്ട് വരാമെന്നു പറഞ്ഞ് മീൻ വറുക്കാൻ പോയി. അപ്പോഴാണ് എന്തോ ഇരമ്പിവരുന്ന ശബ്ദം കേട്ടത്. പൊന്നുമോന്റെ കൈപിടിക്കാനുള്ള സാവകാശംപോലും കിട്ടിയില്ല. കുറേ ആളുകൾ ചേർന്ന് എന്നെ രക്ഷപ്പെടുത്തി മുനീറ പറയുന്നു.
മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പ്രതീക്ഷകളെയെല്ലാം കെടുത്തി കുട്ടിയുടെ മൃതദേഹം ലഭിച്ചു. ഉരുൾപൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലിൽ ബാക്കിയായത് ചായക്കടയുടെ അടിത്തറ മാത്രം. ബാക്കിയെല്ലാം ഒലിച്ചുപോയി. ഇതിനു സമീപത്തുനിന്ന് തുണിയിൽ പൊതിഞ്ഞ നിലയിലാണ് മിഹിസിബിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.