കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടിനായി ഭാര്യയുടെ താലിമാലയടക്കം വിറ്റു; കടം വീട്ടാനാകാതെ നട്ടം തിരിഞ്ഞപ്പോൾ 80 ലക്ഷവുമായി ഭാഗ്യദേവത കൂലിപണിക്കാരനെ തേടിയെത്തി

27

കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനായി ഭാര്യയുടെ താലിമാല അടക്കം വിറ്റു. അങ്ങനെ കെട്ടിയുണ്ടാക്കിയ വീടിന്റെ കടം തീർക്കാനാകാതെ വിഷമിച്ചിരിക്കുമ്പോഴാണ് കൂലിപണിക്കാരനായ സുജിത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത്.

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ആലപ്പുഴ വലിയകലവൂർ കാട്ടുങ്കൽവെളി കോളനിയിലെ താമസക്കാരനായ കെഒ സുജിത്തിന് ലഭിച്ചത്. ഒന്നാം സമ്മാനം തനിക്കാണെന്ന് കേട്ടപ്പോൾ ശരീരം തളർന്നുപോയ പോലെ തോന്നിയെന്ന് സുജിത്ത് പറയുന്നു.

Advertisements

സ്ഥിരമായി ഞാൻ ലോട്ടറി എടുക്കാറുണ്ട്. 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി അടിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഒരു വർഷമായി ദിവസവും 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ട്. ചിലപ്പോഴൊക്കെ കടം പറയും. ഇത്തവണയും കടം പറഞ്ഞു. 100 രൂപയാണ് ഞാൻ ടിക്കറ്റിനു നൽകിയത്.

ജോലിസ്ഥലത്ത് നിൽക്കുമ്പോഴാണ് ഒന്നാം സമ്മാനം അടിച്ചെന്ന് ലക്കി സെന്റർ ഉടമ ശശി വിളിച്ചു പറയുന്നത്. കേട്ടപ്പോഴേ ശരീരം തളർന്നപോലെ തോന്നി. ഇനി വീടിന്റെ കടങ്ങൾ വീട്ടി മറ്റു അറ്റക്കുറ്റപ്പണികൾ നടത്തി പാലു കാച്ചൽ ചടങ്ങ് നടത്തണം.സുജിത് പറയുന്നു.

ഒരു മാസം മുൻപാണ് നാലര ലക്ഷം രൂപയ്ക്ക് സുജിത് മൂന്നു സെന്റ് സ്ഥലവും ചെറിയൊരു വീടും സ്വന്തമാക്കിയത്. വായ്പ എടുത്തും ഭാര്യ ജിഷയുടെ താലിമാല വിറ്റും രണ്ടു ലക്ഷത്തോളം രൂപ നൽകി. ബാക്കി രണ്ടര ലക്ഷം രൂപയോളം കൊടുക്കാനുണ്ടായിരുന്നു.

വീട് ചെറുതാണെങ്കിലും ഭാഗ്യം കൊണ്ടുവന്ന ഈ വീട് കൈവിടില്ല, അവിടെത്തന്നെ താമസിക്കുമെന്ന് സുജിത് പറയുന്നു. രണ്ടാം ക്ളാസിൽ പഠിക്കുന്ന ഗോകുൽ കൃഷ്ണയും രണ്ടര വയസ്സുകാരൻ കൃഷ്ണഗോപുവുമാണ് മക്കൾ

Advertisement