ചങ്ങരംകുളം: വീട്ടുപടിക്കൽ ബസ് നിർത്തണമെന്ന് ദയനീയമായി പറഞ്ഞിട്ടും പിഞ്ചു ബാലന്റെ വാക്കുകൾ അവർ കേട്ടില്ല. നേരം ഇരുട്ടിയിട്ടും, കിലോമീറ്ററുകൾക്കകലെയുള്ള വീട്ടിലേക്ക് മനോധൈര്യം കൈവിടാതെ മുറിവുണങ്ങാത്ത കാലുകളുമായി അവൻ നടന്നെത്തി.
ദിവസങ്ങൾക്ക് മുമ്പ് വഴിയരികിൽ കുട്ടിയെ ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ നല്ലനടപ്പിന് വിട്ട ജില്ലാ കലക്ടറുടെ നടപടി വന്നിട്ടും, ബസ് ജീവനക്കാരുടെ സ്വഭാവത്തിൽ മാറ്റമില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം എരമംഗലത്ത് നടന്നത്.
വളയംകുളത്തെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ എം.ടി.ഷരീഫിന്റെ മകൻ ജാമിലാണ് വഴിയിൽ ഇറക്കിവിട്ടിട്ടും, നേരം ഇരുട്ടിയിട്ടും, പരിഭ്രമിക്കാതെ ‘മുറിവു പറ്റിയ കാലുമായി രണ്ടു കിലോമീറ്റർ ദൂരം നടന്ന് വീട്ടിലെത്തിയത്. പെരുമ്പടപ്പ് നാക്കോലയിലെ വീടിനു മുന്നിൽ ഇറങ്ങണമെന്ന് പറഞ്ഞ കുട്ടിയോട് രണ്ട് കിലോമീറ്റർ മുന്നേയുള്ള എരമംഗലത്താണ് ഇറക്കിയത്.
തനിക്കിറങ്ങേണ്ടെത് നാക്കോലയിലാണെന്ന് പറഞ്ഞിട്ടും, ഇതു കൂട്ടാക്കാതെ ഡ്രൈവർ പാതി വഴിയിൽ ഇറക്കി വിടുകയായിരുന്നുവത്രെ. സംഭവത്തിൽ രക്ഷിതാവ് സ്‌കൂൾ അധികൃതർക്ക് പരാതി നൽകി. പ്രതിസന്ധിയിലും, മനോധൈര്യം കൈവിടാത്ത കുട്ടിക്ക് അഭിനന്ദങ്ങളാണ് ലഭിക്കുന്നത്.