മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് കൃഷ്ണകുമാർ. സിനിമകളിലേയും സീരയലുകളിലേയും നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ അദ്ദേഹം ആരാധകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് കൃഷ്ണകുമാരും ഭാര്യയും 4 പെൺമക്കളും അടങ്ങുന്ന കുടുംബവും. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ഇവർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മക്കളുടെ ഡാൻസ് വീഡിയോകൾ പുറത്ത് വന്നതോടെയാണ് കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങൾ ശ്രദ്ധേയമാകുന്നത്.
ഇക്കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ കൃഷ്ണ കുമാർ ഏറെ വിമർശനവും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒമ്പത് വീടുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് നടൻ കൃഷ്ണകുമാറും കുടുംബവും.
മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ അഹാദിഷിക ഫൗണ്ടേഷൻ വഴിയാണ് ധനസഹായം കൈമാറുന്നത്. ‘അമ്മുകെയർ’ എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നാണ് താരകുടുംബം സഹായം നൽകുന്നത്. പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റ് സന്ദർശിച്ചപ്പോൾ 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു.
ബാക്കിയുള്ള വീടുകളിൽ ഏറ്റുവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു, അവരുടെ പ്രശ്നങ്ങൾ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നിയതിനാലാണ് ധനസഹായം നൽകിയതെന്ന് കൃഷ്ണകുമാർ പറയുന്നു.
കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ;
പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റ് സന്ദർശിച്ചപ്പോൾ 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളിൽ ഏറ്റുവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു, അവരുടെ പ്രശ്നങ്ങൾ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നി.
വീട്ടിൽ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോൾ അവർ ഈ അടുത്ത് ആരംഭിച്ച അഹാദിഷിക ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ കമ്പനിയുടെ സഹായത്തോടെ അത് നിർമിക്കാമെന്നു പറഞ്ഞു. പിന്നെ ഞാൻ വിളിച്ചത് സുഹൃത്തും മനുഷ്യസ്നേഹിയുമായ മോഹൻജിയെ ആണ്.
അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോൾ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, അമ്മുകെയർ എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തിൽ പങ്കാളിയാകാമെന്ന്. അഹാദിഷിക ഫൗണ്ടേഷനും അമ്മുകെയറും ചേർന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റിൽമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ വീനു കുമാറിനു ഇന്ന് കൈമാറി.
എത്രയും വേഗത്തിൽ 9 വീട്ടുകാർക്കും ശൗചാലയങ്ങൾ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രീമതി സൂര്യ സുജന് പ്രത്യേക നന്ദി.