ഐഎഎസുകാരുമായും ഐപിഎസുകാരുമായും ബന്ധമുണ്ടാാക്കുന്നതിൽ പ്രത്യേക താൽപര്യം: വഫയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

143

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായ കെഎം ബഷീറിന് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമൻ തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പോലീസിന് മൊഴി നൽകിയിരുന്നു. താൻ ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നും രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.

Advertisements

ഇപ്പോഴിതാ വഫ ഫിറോസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. വിവാഹിതയായ വഫയുടെ കുടുംബം അബുദാബിയിലാണെങ്കിലും മോഡലിംഗിൽ സജീവമായ ഇവർ മിക്കപ്പോഴും കേരളത്തിലാണുള്ളത്.പട്ടം മരപ്പാലത്താണ് യുവതി ഇപ്പോൾ താമസിക്കുന്നത്. മാധ്യമശ്രദ്ധ നേടുന്ന ഐഎഎസുകാരെയും ഐപിഎസുകാരെയും സുഹൃത്തുക്കളാക്കുന്നതിലും ഇവർ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.

മൂന്നാറിൽ ശ്രീറാം നടത്തിയ പ്രവർത്തനങ്ങളാണ് വഫയെ ശ്രീറാമിലേക്ക് ആകർഷിക്കുന്നത്. തുടർന്ന് ഇംഗ്ലണ്ടിൽ പഠനത്തിനു പോയ ശ്രീറാം മടങ്ങിയെത്തിയതിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്. പാർട്ടി അവസാനിച്ചപ്പോൾ തന്നെ വീട്ടിൽ കൊണ്ടു വിടാനായി ശ്രീറാം വിളിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

തുടർന്ന് വഫ രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നൽകിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എൽ 1 ബിഎം 360 എന്ന കാറിന് മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്.

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീർ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്റെ കാർ ഇടിക്കുകയായിരുന്നു.

മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റർ ദൂരത്തിലാണ് പുലർച്ചെ അപകടമുണ്ടായത്. അപകടത്തിന്റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നിൽക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലൻസ് വിളിച്ചു വരുത്താൻ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ പറയുന്നു.

എന്നാൽ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ ഒപി ടിക്കറ്റിൽ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി.

തുടർന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവർക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയിൽ എത്തി അവിടെ അഡ്മിറ്റാവുകയായിരുന്നു.

Advertisement