യുവാക്കൾ പൊതുവേ പറയുന്ന ഒരു തമാശയാണ് ഒരു ഭാര്യമാരുള്ളവർക്ക് തന്നെ മനസ്സമാധാനമില്ലെന്ന്. അപ്പോൾ ഭാര്യമാർ രണ്ടുണ്ടെങ്കിലോ? ഒരു പുരുഷനു വേണ്ടി അവകാശമുന്നയിച്ച് രണ്ടു സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് കളി കാര്യമായത്.
വനിതാ കമ്മീഷൻ അദാലത്തിൽ എത്തപ്പെട്ടപ്പോഴാണ് ഒരാളുടെ രണ്ടു ഭാര്യമാർ കയ്യാങ്കളിയിൽ ഏർപ്പെട്ടത്.
ഭർത്താവിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ പരാതിക്കാരി എതിർകക്ഷിയെ പരസ്യമായി തല്ലിയതോടെ വാദി പ്രതിയായി. അടിയേറ്റ എതിർകക്ഷി നിലത്തു വീണു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേനിൽ എത്തിച്ചു. കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് പരാതിക്കാരിയും എതിർകക്ഷിയും. 42 വർഷം മുൻപാണ് കടയ്ക്കൽ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്.
പിന്നീട് ഇവർ തമ്മിൽ പിണങ്ങുകയും ആദ്യഭാര്യ വിദേശത്തു പോകുകയും ചെയ്തു. ഇതിനു ശേഷം ഇയാൾ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ വീണ്ടും വിവാഹം ചെയ്തു. 23 വർഷം മുൻപായിരുന്നു ആ വിവാഹം.
ഇവർ കുടുംബമായി ജീവിക്കുന്നതിനിടെ വിദേശത്തു നിന്നും മടങ്ങിയെത്തിയ ആദ്യഭാര്യ ഭർത്താവിനെ തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിനെ പിടിച്ചു വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആദ്യഭാര്യ കടയ്ക്കൽ പോലീസ് സ്റ്റേഷനിലും വനിതാ പോലീസിലും പരാതി നൽകി.
അദാലത്തിൽ അടിപിടി കൂടിയ ഇവരെ തല്ലുകേസിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പല തരത്തിലുള്ള അനുനയ ശ്രമങ്ങളും പോലീസ് നടത്തിയെങ്കിലും ഭാര്യമാർ വഴങ്ങിയില്ല. മാസത്തിലെ ആദ്യ 15 ദിവസം ആദ്യ ഭാര്യയ്‌ക്കൊപ്പവും തുടർന്നുള്ള 15 ദിവസം രണ്ടാം ഭാര്യയ്ക്ക് ഒപ്പവും ഭർത്താവ് നിൽക്കട്ടെ എന്ന പോലീസുകാർ പറഞ്ഞുവെങ്കിലും ഭാര്യമാർ വഴങ്ങിയില്ല.
ഇതേതുടർന്ന് വനിതാ കമ്മിഷന്റെ അടുത്ത അദാലത്തിൽ ഭർത്താവും മക്കളും ഹാജരാകാൻ നോട്ടീന് നൽകുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു