വൈക്കം: വെള്ളിയാഴ്ച പുലർച്ചെ കാണാതായ അമ്മയും രണ്ടു വയസുള്ള പെൺകുഞ്ഞും പുഴയിൽ മരിച്ചനിലയിൽ. തലയോലപ്പറമ്പ് സ്വദേശിയും തൃപ്പൂണിത്തുറ എആർ ക്യാമ്പിലെ പോലീസുകാരനുമായ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകൾ ദക്ഷ എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.നു വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിനു സമീപത്തുള്ള പുഴയിൽ കുളിക്കാനെത്തിയ വീട്ടമ്മയാണു മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഇവർ നാട്ടുകാരെ വിവരമറിയിച്ചു. പോലീസ് എത്തിയശേഷമാണു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
വ്യാഴാഴ്ച രാത്രി അഭിജിത്തും ദീപയും വഴക്കിട്ടിയിരുന്നു. രാത്രി പത്തിന് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാമ്പിലേക്കു പോയി. പുലർച്ചെ മൂന്നിന് അഭിജിത്തിന്റെ അച്ഛൻ സതീശൻ ഉറക്കമുണർന്നപ്പോൾ ദീപയുടെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. ഉറങ്ങാതെയിരുന്ന ദീപയോടു കിടന്നുറങ്ങാൻ പറഞ്ഞെന്നും അച്ഛൻ പറയുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ മുൻവശത്തെ കതകു തുറന്നുകിടക്കുന്നതാണു കണ്ടത്. മുറിയിൽ ദീപയെയും കുഞ്ഞിനെയും കണ്ടില്ല. അന്വേഷിച്ചിട്ടും കണ്ടെത്താതെ വന്നതോടെ തലയോലപ്പറമ്പ്് പോലീസിൽ അറിയിക്കുകയായിരുന്നു.
ഇടവട്ടം രണ്ടുകണ്ടത്തിൽ ശിവദാസന്റെയും രമണിയുടെയും മൂന്നു പെൺമക്കളിൽ ഇരട്ടകളിൽ ഒരാളാണു ദീപ. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്നുച്ചയ്ക്കു വീട്ടുവളപ്പിൽ.