ഇന്ത്യ ഇന്ന് ലോകകപ്പിൽ ശ്രീലങ്കയെ നേരിടുകയാണ്. ഈ ലോകകപ്പിൽ ഇതുവരെ 4 സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മയിലാണ് ഇന്ത്യ ഇന്നും പ്രതീക്ഷ വയ്ക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ മൂന്ന് ലോകകപ്പ് റെക്കോർഡുകൾ കൂടി രോഹിത് ശർമ്മയെ കാത്തിരിക്കുന്നുണ്ട്. ഇന്ന് സെഞ്ചുറിയടിച്ച് ഒരു ലോകകപ്പിലെ കൂടുതൽ സെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തം പേരിൽ മാത്രമാക്കുകയാണ് രോഹിത് ശർമ്മയുടെ ആദ്യ ലക്ഷ്യം.
ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക,പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾക്കെതിരെ സെഞ്ചുറി നേടിയിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാരക്കൊപ്പം ഈ റെക്കോർഡ് നിലവിൽ പങ്കുവെക്കുകയാണ് രോഹിത്ത്. 2015 ലെ ലോകകപ്പിലായിരുന്നു സംഗക്കാര 4 സെഞ്ചുറികൾ നേടിയത്.
2015ലേയും 19ലേയും കൂട്ടിയാൽ ലോകകപ്പുകളിൽ രോഹിത് ശർമ്മയുടെ ആകെ സെഞ്ചുറികളുടെ എണ്ണം അഞ്ചാണ്. ഇന്ന് ഒരെണ്ണം കൂടി നേടിയാൽ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻറെ റെക്കോർഡിനൊപ്പം രോഹിത്തെത്തും. ആറ് സെഞ്ചുറികളാണ് സച്ചിനുള്ളത്.
ഈ ലോകകപ്പിൽ ഇതുവരെ രോഹിത് ശർമ്മ നേടിയത് 544 റൺസ്. 130 റൺസ് കൂടി നേടിയാൽ മറ്റൊരു നേട്ടം കൂടി രോഹിത്തിന് സ്വന്തമാകും. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ്. 2003ൽ സച്ചിൻ നേടിയ 673 റൺസാകും രോഹിത്ത് മറികടക്കുക.