ഇത്തവണത്തെ ലോക കപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായിരുന്നു നാലാം നമ്പറിൽ ആരെ കളിപ്പിക്കണം എന്നത്.
വർഷങ്ങളോളമായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും നാലാം നമ്പറിൽ യോജിച്ച ഒരു താരത്തെ ഇതുവരെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നില്ല.
എന്നാൽ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ കെഎൽ രാഹുലിനെ പരീക്ഷിച്ച ടീം ഇന്ത്യ ഒടുവിൽ നാലാം നമ്പറിന് യോജിച്ച താരത്തെ കണ്ടെത്തിയിരിക്കുകയാണ്.
മത്സരത്തിൽ നാലാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി കുറിച്ച രാഹുൽ (99 പന്തിൽ 108) ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിലും വിജയിച്ചു.
ഇതോടെ രാഹുലിനെ ലോക കപ്പിൽ 4ാം നമ്പർ സ്ഥാനത്തു കളിപ്പിച്ചേക്കുമെന്നു ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കി.
102 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ ധോണി സഖ്യമാണു കരകയറ്റിയത്. മത്സരത്തിൽ ധോണിയും സെഞ്ച്വറി നേടിയിരുന്നു.
അതേസമയം, സസ്പെൻഷൻ മൂലം പുറത്തിരുന്ന കാലത്ത് പിഴവുകൾ തിരുത്തി കരുത്തോടെ തിരിച്ചു വരാൻ പിന്തുണ നൽകിയത് ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ രാഹുൽ ദ്രാവിഡ് ആണെന്ന് കെഎൽ രാഹുൽ വ്യക്തമാക്കി.
നാലാം നമ്പർ സ്ഥാനം ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ചാനൽ പരിപാടിയിലെ പരാമർശത്തിന്റെ പേരിൽ നടപടി നേരിട്ട കാലയളവിലാണു ദ്രാവിഡ് വഴികാട്ടിയായത്.
കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർക്കാറില്ല. ഇപ്പോഴത്തെ ശ്രദ്ധ പൂർണമായും ക്രിക്കറ്റിലാണ്. ഐപിഎല്ലിലെ ബാറ്റിംഗ് മികവു തുടരാനായതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.