നീമുച്ച്: ആൺകുട്ടികൾ വേണമെന്ന ആവശ്യവുമായി രാജ്യത്ത് പെൺഭ്രൂണഹത്യ വർദ്ധിക്കുമ്പോൾ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട് മധ്യപ്രദേശിൽ. എന്നാൽ ഈ ആഘോഷങ്ങൾക്ക് പിന്നിൽ വിചിത്രമായ ഒരു കാരണമുണ്ട്.
ബൻചാദ സമൂഹമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങൾ പെൺകുട്ടികളുടെ ജീവിതം നരകപൂരിതമാക്കുകയാണ് ചെയ്യുന്നത്.
കാരണം, ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്ക ആളുകളും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തിൽ പെൺകുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്.
മധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച് ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. തലമുറകളായി ലൈംഗികവൃത്തി ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ് ഇവർക്ക്.
കറുപ്പിന്റെ കൃഷിയ്ക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടത്തെ പുരുഷന്മാരുടെ ജീവിതം.
ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്. ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയിൽ സജീവമാണ്. ചെറുപ്രായത്തിൽ തന്നെ ഈ സമുദായത്തിലെ പെൺകുട്ടികളെ വൻതുകയ്ക്ക് വിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.