ചെന്നൈ: പ്രശസ്ത തമിഴ് നടന് മന്‍സൂര്‍ അലിഖാന് അറസ്റ്റില്‍. നിര്‍ദ്ദിഷ്ട ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മന്‍സൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
എട്ടുവരിപ്പാത നിര്‍മ്മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകുമെന്നായിരുന്നു മന്‍സൂറിന്റെ വിവാദ പരാമര്‍ശം. ഞായറാഴ്ച ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു സേലം പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കാവേരി പ്രശ്നത്തില്‍ സമരക്കാര്‍ക്ക് പിന്തുണ നല്‍കിയതിനും മന്‍സൂറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ അച്ചന്‍കുട്ടപ്പടി, പുലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍ മേഖലകളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. പദ്ധതിക്കായി 41 ഏക്കര്‍ വനഭൂമി ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതിവേഗ പാതയ്ക്കായി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടി വരും. ഇത് ഉപജീവന മാര്‍ഗത്തെ ബാധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.