ചെന്നൈയിൽ അതിതീവ്ര മഴ തുടരുന്നു. നഗരത്തിന്റെ മിക്ക ഭാഗങ്ങളും പ്രളയത്തിൽ മുങ്ങി. ഇതിന് പിന്നാലെ ചെന്നൈയിൽ വലിയ തരത്തിലുള്ള നാശനഷ്ടങ്ങൾ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുടക്കമെന്ന നിലയിൽ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ നടന്മാരായ സൂര്യയും കാർത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് ഈ തുക.
പ്രളയത്തിൽ ചെന്നൈ കോർപറേഷൻ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടൻ വിശാൽ രംഗത്തെത്തിയിരുന്നു. ‘പ്രിയപ്പെട്ട ചെന്നൈ മേയർ പ്രിയ രാജനും ചെന്നൈ കോർപറേഷൻറെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാൻ. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങൾ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടർ എന്ന നിലയിൽ അന്വേഷിച്ചതാണ്. കാരണം നിങ്ങൾ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ’, വിശാൽ എക്‌സിൽ കുറിച്ചു.
അതേസമയം തമിഴ്നാടിന്റെ വടക്കൻ തീരത്തുളള ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, നാഗപട്ടിണം, കുഡല്ലൂർ ജില്ലകളിലാണ് ശക്തമായ മഴയുളളത്. തിരുവള്ളൂർ ജില്ലയിലും മഴ വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത്.