ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് അരിവാൾ ഉപയോഗിച്ച് 40 തവണ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണു സംഭവം.
ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സുപ്രിയ ജയ്ൻ (24) ആണു വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
കമലേഷ് സാഹു എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇയാൾ മുന്‍പ് സുപ്രിയയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. ഒരാഴ്ച മുന്‍പ് കമലേഷ് സുപ്രിയയോടു വിവാഹാഭ്യർഥന നടത്തി. സുപ്രിയ ഇത് നിരസിച്ചു.
കഴിഞ്ഞ ദിവസം സുപ്രിയയെ പിന്തുടർന്നെത്തിയ കമലേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. 40 തവണയാണ് സുപ്രിയയ്ക്കു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുപ്രിയ ഇൻഡോറിലെ ആശുപത്രിയിൽ മരിച്ചു.
കൊല നടത്തിയ കമലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെണ്‍കുട്ടിക്കു സന്ദേശങ്ങൾ അയച്ച മൊബൈൽ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദാമോയിലെ നവോദയ സ്കൂളിൽ ഒന്നിച്ചു പഠിച്ചിരുന്ന കാലം മുതൽ ഇരുവരും പരിചയത്തിലായിരുന്നെന്നു പോലീസ് അറിയിച്ചു.