മുംബൈ: ഒരു കൂട്ടം സാമൂഹിക വിരുദ്ധരുടെ അക്രമണത്തിന് നടുറോഡില്‍ ഇരയായി ബോളിവുഡ് നടി ചാഹത്ത് ഖന്ന.
ഇക്കഴിഞ്ഞ ഹോളി ദിനത്തില്‍ തന്റെ രണ്ട് കൈക്കുഞ്ഞുങ്ങള്‍ക്കൊപ്പം കാറില്‍ പോകുന്നതിനിടെയാണ് മദ്യ ലഹരിയില്‍ എത്തിയ 14 അംഗ സംഘം താരത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ തന്റെയും കുഞ്ഞുങ്ങളുടേയും ജീവന്‍ രക്ഷിക്കാനായി താരം ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്.
പൊലീസ് എത്താന്‍ അഞ്ച് മിനിറ്റ് വൈകിയിരുന്നെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെയിരുന്നു എന്നാണ് ചാഹത്ത് പറയുന്നത്.
മുംബൈയില്‍ മലാഡില്‍ വെച്ച് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടികള്‍ക്കും ആയയ്ക്കും ഡ്രൈവര്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു താരം.
ചാഹത്ത് പറയുന്നത് ഇങ്ങനെ;
മലാത്തിലെ എസ്.വി റോഡിലെത്തിയപ്പോള്‍ ഞങ്ങളുടെ കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചു.
ഡ്രൈവവര്‍ ബ്രേക്ക് പിടിച്ചതിന്റെ ആഘാതത്തില്‍ ഞങ്ങള്‍ കാറിന്റെ മുന്നിലേക്കു പോയി. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത്.
ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാര്‍ കാറില്‍ നിന്ന് ഇറങ്ങുന്നതാണ്. അതോടൊപ്പം 4 ബൈക്കുകളിലായെത്തിയ എട്ടോളം പുരുഷന്മാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ ആകെ 14 പേര്‍.
ആ 14 പേരും പെട്ടെന്ന് എന്റെ കാറിനെ വലയം ചെയ്തു. അവര്‍ക്ക് എന്നെ മനസിലായി. അവര്‍ കാറിന്റെ ഡോറില്‍ ശക്തിയായി ഇടിക്കാന്‍ തുടങ്ങി.
ഒരു നിയന്ത്രണവുമില്ലാതെ അധിക്ഷേപിക്കാന്‍ തുടങ്ങി. അധികം വൈകാതെ 25- 50 ഓളം ആളുകള്‍ അവിടെ കൂടി. അവരെല്ലാം ഈ തമാശ കണ്ട് രസിക്കുകയായിരുന്നു.
എന്റെ ഡ്രൈവര്‍ വല്ലാതെ ഭയപ്പെട്ടു. ഇവിടെ നിന്ന് പോകാന്‍ ചിലര്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം കണ്ട് ഭയന്നു പോയ ഡ്രൈവര്‍ക്ക് കാര്‍ ഒന്നനക്കാന്‍ പോലുമായില്ല.
കുഞ്ഞുങ്ങളാണെങ്കില്‍ പേടിച്ചു കരയാനും തുടങ്ങി. ഇതിനിടയില്‍ കാറിന്റെ ഡോര്‍ തുറന്ന അക്രമി സംഘം ഡ്രൈവവറെ വലിച്ചു പുറത്തിട്ടു മര്‍ദ്ദിക്കാന്‍ തുടങ്ങി.
ഇതിനകം അവര്‍ കാറിന്റെ പിന്നിലെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തിരുന്നു. അതിനുശേഷം അവര്‍ കാറിന്റെ ബോണറ്റിലും മുകളില്‍ കയറി ഇരുന്ന് പാട്ടു പാടാനും ഡാന്‍സ് ചെയ്യാനും തുടങ്ങി.
കുറച്ച് ധൈര്യം കാണിക്കാന്‍ ഞാന്‍ ഡ്രൈവറോട് ആക്രോശിച്ചു. എങ്ങനെയൊക്കെയോ ധൈര്യം വീണ്ടെടുത്ത ഡ്രൈവവര്‍ കാര്‍ ഒരുവിധം സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടെടുത്തു.
ഒരുവിധം അവരില്‍ നിന്നു രക്ഷപെട്ടു എന്നു കരുതിയപ്പോഴാണ് അവര്‍ വീണ്ടും ഞങ്ങളെ പിന്തുടരുകയാണെന്ന് മനസ്സിലായത്. അവര്‍ കാറിനെ ചുറ്റാന്‍ തുടങ്ങി.
വീണ്ടും കാറിന്റെ ഡോറില്‍ ശക്തിയായി ഇടിച്ചു. അതോടെ ഞാന്‍ ധൈര്യം സംഭരിച്ച് കാറിനു പുറത്തിറങ്ങി. അപ്പോഴാണ് അവര്‍ മദ്യലഹരിയിലാണെന്ന് തീര്‍ച്ചയായത്.
അതോടെ ഞാന്‍ പൊലീസിനെ വിളിച്ചു. ഒപ്പം സ്ഥലത്തെ എംഎല്‍എയെയും വിളിച്ചു. ഗതികെട്ട് എനിക്ക് ചെരുപ്പൂരി അവരെ പ്രതിരോധിക്കേണ്ടി വന്നു.
അവരില്‍ നാലു പേര്‍ എന്നെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്. അപ്പോഴേക്കും ഭാഗ്യത്തിന് പൊലീസും എത്തിയിരുന്നു.
അവര്‍ എത്താനായി അഞ്ചു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു.’
എന്നാല്‍ അക്രമി സംഘത്തിന് എതിരേ പരാതി കൊടുക്കാന്‍ നടി തയാറായിട്ടില്ല. കുട്ടികളുടെ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും പരാതി കൊടുത്ത് ഇനിയൊരു പ്രശ്നത്തിന് നില്‍ക്കുന്നില്ല എന്നുമാണ് താരം പറയുന്നത്.
സമയത്ത് തന്നെ രക്ഷിക്കാന്‍ ഓടിയെത്തിയ പൊലീസിനും പൊലീസ് മികവിന് ബിജെപി സര്‍ക്കാരിനും നന്ദി പറയാനും താരം മറന്നില്ല.