നിരാശപ്പെടുത്തി വീണ്ടും ധവാന്‍; രാഹുലിന് വഴി തെളിയുന്നു

18

നാഗ്പൂര്‍: ഏകദിന ലോകകപ്പ് പടിവാതില്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ മോശം ഫോം തുടരുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വലിയ സ്‌കോറുകള്‍ നേടാനാതെ പുറത്തായ രോഹിത് ശര്‍മയും ശീഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യക്ക് പുതിയ തലവേദനയാണ് സമ്മാനിക്കുന്നത്.

രോഹിത് പൂജ്യനായപ്പോള്‍ മികച്ച തുടക്കമിട്ട ധവാന്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 29 പന്തില്‍ 21 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

Advertisements

അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ രണ്ടു തവണ മാത്രമാണ് ധവാന് 50 ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനായത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 22.4 മാത്രമായിരുന്നു ധവാന്റെ ബാറ്റിംഗ് ശരാശരിയെങ്കില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളില്‍ 55 റണ്‍സ് മാത്രമാണ് എടുത്തത്.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ചെങ്കിലും പിന്നീട് തീര്‍ത്തും നിറം മങ്ങി.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ ധവാന്‍ രണ്ടാം മത്സരത്തില്‍ നല്ല തുടക്കമിട്ടശേഷം 21 റണ്‍സെടുത്ത് പുറത്തായി. ധവാന്റെ മോശം ഫോം മൂന്നാം ഏകദിനത്തില്‍ കെ എല്‍ രാഹുലിന് അവസരം ഒരുക്കിയേക്കും.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികച്ച തിരിച്ചുവരവ് നടത്തിയ രാഹുലിനെ മൂന്നാം ഏകദിനത്തില്‍ ധവാന് പകരം ഓപ്പണറായി കണ്ടാലും അത്ഭുതപ്പെടാനില്ല.

ലോകകപ്പിന് മുമ്പുള്ള പരമ്പരകളില്‍ മധ്യനിരയായിരുന്നു ഇന്ത്യയുടെ തലവേദനയെങ്കില്‍ ഇപ്പോഴ് ഓപ്പണര്‍മാരായി. മധ്യനിര ഫോമിലാവുകയും ചെയ്തു.

Advertisement