സര്‍ക്കാരിന് കത്രിക വീണു, ഇനി വിവാദരംഗങ്ങള്‍ നീക്കിയ പതിപ്പ്

22

ചെന്നൈ: എഐഡിഎംകെയുടെ പ്രതിഷേധത്തെതുടര്‍ന്ന് വിജയ് ചിത്രം സര്‍ക്കാരില്‍ നിന്ന് വിവാദരംഗവും പരാമര്‍ശങ്ങളും ഒഴിവാക്കി.

Advertisements

ഭരണകക്ഷിയെയും മുന്‍മുഖ്യമന്ത്രി ജയലളിതയെയും അധിക്ഷേപിക്കുന്നതായി എഐഡിഎംകെ ആരോപിച്ച രംഗം ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് ഇന്ന് വൈകിട്ടത്തെ ഫസ്റ്റ് ഷോ മുതല്‍ തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രത്തിനെതിരായ നീക്കത്തില്‍ വിമ‌ര്‍ശനവുമായി രജനീകാന്ത്, കമല്‍ഹാസന്‍, വിശാല്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

വിജയ്‌യുടെ ഫ്ലക്സ് ബോര്‍‌‌‌ഡുകളും ബാനറുകളും വലിച്ചു കീറി ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ എഐഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം വ്യാപിപ്പിച്ചതോടെയാണ് രംഗങ്ങള്‍ നീക്കാന്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തയ്യാറായത് .

വിവാദ രംഗങ്ങള്‍ പിന്‍വലിക്കാതെ പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് തിയേറ്റര്‍ എക്‌സിബിറ്റേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷനും നിലപാടെടുത്തിരുന്നു.

സര്‍ക്കാര്‍ നല്‍കിയ സമ്മാനങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്നത് ഉള്‍പ്പെടെയുള്ള ആനുകാലിക വിഷയങ്ങങ്ങള്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാരിനെ പരിഹസിക്കുന്ന സീനുകളാണ് വിവാദമായത്.

സമ്മാനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗമാണ് നീക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് സ്വാധീനം ചെലുത്താന്‍ മുഖ്യമന്ത്രിക്ക് അധിക മരുന്ന് നല്‍കി കൊലപ്പെടുത്തുന്ന രംഗവും ചിത്രത്തിലുണ്ട്.

വരലക്ഷ്മി ശരത്കുമാറിന്റെ കഥാപാത്രത്തിന് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായ കോമളവല്ലി എന്നാണ് നല്‍കിയത്. കോമളവല്ലി എന്ന പേര് പ്രതിപാദിക്കുന്ന സീനുകളില്‍ ആ വാക്ക് മ്യൂട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ മുരുഗദോസിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഹൈക്കോടതിയെ സമീപിച്ച സംവിധായകനെ നവംബര്‍ 27 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടുണ്ട്.

Advertisement