രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ഈ സീസണില്‍ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയിട്ടും കളം വിട്ടത് വേദനയോടെ.
മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടും ടീമിന് വിജയിക്കാന്‍ സാധിക്കാത്തതിലാണ് സഞ്ജു സാംസണ്‍ നിരാശ രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. സഞ്ജു സാംസണ്‍ പുറത്താകാതെ 102 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്റെ ടോട്ടല്‍ 198 ല്‍ എത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് അഞ്ച് വിക്കറ്റ് ശേഷിക്കേ രാജസ്ഥാന്റെ സ്‌കോര്‍ മറികടന്നു. ഇതാണ് സഞ്ജുവിന്റെ സെഞ്വറിയുടെ നിറം കെടുത്തിയത്.
37 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്സിന് വിജയം സമ്മാനിച്ചത്.
സെഞ്ച്വറി നേടിയിട്ടും ആ ദിവസം തകര്‍ത്ത് കളഞ്ഞത് ഡേവിഡ് വാര്‍ണറാണെന്ന് സഞ്ജു മത്സരശേഷം പ്രതികരിച്ചു. മത്സരശേഷം തന്നെ സമീപിച്ച ഡേവിഡ് വാര്‍ണറോട് തന്നെയാണ് സഞ്ജു ഇക്കാര്യം തുറന്നുപറഞ്ഞത്.
നിങ്ങളാണ് ഈ ദിവസം നശിപ്പിച്ചത്. നിങ്ങള്‍ ബാറ്റ് ചെയ്ത രീതിയില്‍ നോക്കുമ്പോള്‍ ഞാന്‍ നേടിയ സെഞ്ച്വറി കൊണ്ട് അര്‍ത്ഥമില്ല.
നിങ്ങള്‍ ഈ വിധം ബാറ്റിംഗ് ആരംഭിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് കളി നഷ്ടപ്പെടാന്‍ തുടങ്ങി. നിങ്ങളെ പോലൊരു താരം എതിര്‍വശത്തുള്ളപ്പോള്‍ ഞങ്ങള്‍ക്ക് 250 റണ്‍സെങ്കിലും വേണമെന്ന് സഞ്ജു പറഞ്ഞു.
എന്നാല്‍ ഓസീസ് താരം വാര്‍ണറും സഞ്ജുവിന്റെ സെഞ്ച്വറി ഇന്നിംഗ്സിനെ പുകഴ്ത്താന്‍ മറന്നില്ല. വളരെ പക്വതയുള്ള ഇന്നിംഗ്സായിരുന്നു സഞ്ജുവിന്റേതെന്ന് വാര്‍ണര്‍ പറഞ്ഞു.
സഞ്ജു വളരെ നല്ല രീതിയില്‍ ബാറ്റ് ചെയ്തു. വളരെ നല്ല രീതിയിലാണ് ഇങ്ങനെയൊരു പിച്ചില്‍ സഞ്ജു ബാറ്റ് വീശിയത്. 200 റണ്‍സ് എടുക്കാന്‍ പറ്റുന്ന ഒരു പിച്ചായിരുന്നില്ല ഇത്.
എന്നിട്ടും എങ്ങനെ റണ്‍സ് നേടാന്‍ സാധിക്കുമെന്ന് സഞ്ജു കാണിച്ചുതന്നു വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം ചേര്‍ന്നാണ് വാര്‍ണര്‍ ഹൈദരബാദിനെ വിജയത്തിലെത്തിച്ചത്.
ബെയര്‍സ്റ്റോ 28 പന്തില്‍ നിന്ന് 45 റണ്‍സ് നേടി. 119 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് വേണ്ടി വാര്‍ണര്‍ – ബെയര്‍സ്റ്റോ ഓപ്പണിംഗ് കൂട്ടുക്കെട്ട് 10 ഓവറില്‍ 110 റണ്‍സാണ് നേടിയത്.