മുംബൈ: മലായാളി പേസ് ബൗളർ സന്ദീപ് വാര്യർ ഇന്ത്യ എ ടീമിൽ. ശ്രീലങ്ക എ യ്‌ക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് വാര്യർ ഇടം നേടിയത്.
ഇതാദ്യമായാണ് സന്ദീപ് ഇന്ത്യൻ എ ടീമിൽ ഇടം നേടുന്നത്. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി കിട്ടിയ അവസരം മുതലാക്കിയതും രഞ്ജിയിലെ കേരളത്തിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായതും സന്ദീപിന് തുണയായി.
അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി സാംസണ് ടീമിൽ സ്ഥാനം കണ്ടെത്താനായില്ല. ബേസിൽ തമ്പിയേയും ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചില്ല.
അതെസമയം കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ജലജ് സക്‌സേനയും ഇരുടീമിലും ഇല്ല.
ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചല് നയിക്കും. ഇഷാൻ കിഷനാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ, ശ്രേയസ് ഗോപാൽ, രാഹുൽ ചാഹർ എന്നിവർക്ക് ടീമിൽ ഇടം നേടി.
രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് 25-നാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. ഏകദിന മത്സരങ്ങൾ ജൂൺ ആറിന് തുടങ്ങും.