നവദമ്പതികളെ കൊന്ന് പുഴയില്‍ തള്ളി: കാരണം ഞെട്ടിക്കുന്നത്‌

21

ബംഗളൂരു: കര്‍ണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തമിഴ്‌നാട് സ്വദേശികളായ നവദമ്പതികളുടേത് തന്നെയെന്ന് പൊലീസ്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണിതെന്നാണ് പൊലീസ് നിഗമനം.

Advertisements

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബംഗളൂരുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ശിവനസമുദ്രത്തിലെ വെള്ളച്ചാട്ടത്തില്‍ ഒരു യുവാവിന്റെ മൃതദേഹം പൊങ്ങി വന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതശരീരവും കണ്ടെടുത്തിരുന്നു. അതോടെ, ഇവരെ ഒരുമിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം പൊലീസിന് ബലപ്പെടുകയായിരുന്നു.

തമിഴ്‌നാട് ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്വാതിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് സ്വാതിയും നന്ദിഷും രഹസ്യമായി വിവാഹിതരായത്. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ വിവാഹശേഷമാണ് കര്‍ണാടകയിലെത്തിയത്. എന്നാല്‍ ഒളിച്ചു താമസിച്ചിരുന്ന ഇവരെ സ്വാതിയുടെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു.

മരണപ്പെട്ട നന്ദേഷ് ദളിത് സമുദായാംഗമാണ്. ബന്ധുക്കള്‍ തന്നെയാണ് ഇരുവരെയും കാറില്‍ കയറ്റി കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരുടെയും കൈകാലുകള്‍ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

വ്യത്യസ്ത സമുദായങ്ങളായതിനാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാരില്‍ നിന്നും എതിര്‍പ്പ് നേരിട്ടിരുന്നു. അതുകൊണ്ടാണ് ഇവര്‍ കര്‍ണാടകത്തിലേക്ക് ഒളിച്ചോടിയത്. ഇവരുടെ അയല്‍വാസിയായ സ്ത്രീയാണ് ഇവര്‍ കര്‍ണാടകത്തിലുണ്ടെന്ന കാര്യം പിതാവ് ശ്രീനിവാസയെ അറിയിച്ചത്. അനുനയത്തില്‍ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

Advertisement